29
Mar 2023
Sat
29 Mar 2023 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൽപറ്റ: ഈസ്റ്ററിനും ക്രിസ്മസിനും ക്രിസ്ത്യൻ വീടുകളും പെരുന്നാളിന് മുസ്ലിം വീടുകളും സന്ദർശിച്ച് ആശംസകൾ നേരാൻ ന്യൂനപക്ഷ മോർച്ചയുടെ തീരുമാനം. ന്യൂനപക്ഷ മോർച്ച ദേശീയ അധ്യക്ഷൻ ജമാൽ സിദ്ദീഖിന്റെ വയനാട് സന്ദർശനത്തിന്റെ ഭാഗമായി കൽപറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് നേതാക്കൾ ഇക്കാര്യം അറിയിച്ചത്.

വിശേഷദിവസങ്ങളിൽ ബി.ജെ.പി പ്രവർത്തകർ മുസ്ലിം, ക്രിസ്ത്യൻ വീടുകളിലെത്തി ആശംസയർപ്പിക്കുമെന്നും കേരളത്തിൽ ന്യൂനപക്ഷങ്ങളോടുചേർന്ന് ‘മോദിമിത്രങ്ങൾ’ എന്ന പേരിൽ പുതിയ സംഘം രൂപീകരിക്കുമെന്നും നേതാക്കൾ പറഞ്ഞു. കഴിഞ്ഞ ക്രിസ്മസിന് ബി.ജെ.പി പ്രവർത്തകർ ക്രൈസ്തവരുടെ വീടുകൾ സന്ദർശിച്ച് ആശംസ അറിയിക്കുകയും കേക്ക് നൽകുകയും ചെയ്തിരുന്നു. ഈദിന് മുസ്ലിംങ്ങളുടെ വീടുകൾ സന്ദർശിച്ച് ആശംസകൾ നേരും, വിഷുവിന് ന്യൂനപക്ഷങ്ങൾ തിരിച്ച് ഹൈന്ദവരുടെ വീടുകളും സന്ദർശിക്കും. ഇത്തരത്തിൽ കേരളത്തിൽ ഉണ്ടായിരുന്ന മതസൗഹാർദം വീണ്ടെടുക്കുകയാണ് ലക്ഷ്യം ന്യൂനപക്ഷ മോർച്ച അറിയിച്ചു.

രാഹുൽഗാന്ധിയുടെ രാഷ്ട്രീയ ജീവിതം രക്ഷിച്ചത് വയനാടാണെന്നും എന്നാൽ വയനാടിനെ അദ്ദേഹം വഞ്ചിക്കുകയാണെന്നും ജമാൽ സിദ്ദിഖ് ആരോപിച്ചു. വയനാട് രക്ഷിച്ചതുകൊണ്ടാണ് രാഹുൽഗാന്ധി പാർലമെന്റിൽ ഇരിക്കുന്നത്. എന്നാൽ വയനാടിനുവേണ്ടി അദ്ദേഹം ഒന്നും ചെയ്യുന്നില്ല. മെഡിക്കൽ കോളേജ് ഇല്ല, റോഡ് ഇല്ല, തൊഴിലവസരങ്ങൾ ഇല്ല. ഇത്തരം പ്രശ്‌നങ്ങളിലൊന്നും രാഹുൽഗാന്ധി ഇടപെടുന്നില്ല. ബി.ജെ.പിക്ക് 15 ശതമാനം വോട്ടാണ് കേരളത്തിലുള്ളത്. നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്ന സർക്കാർ വന്നാൽ കേരളത്തിലും വികസനം വരുമെന്നും ജമാൽ സിദ്ദിഖ് പറഞ്ഞു.

ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റുമാരായ നോബിൾ മാത്യു, ഡോ. വി. അബ്ദുൾസലാം, ന്യൂനപക്ഷ മോർച്ച ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അനീഷ് ആന്റണി, സുമിത്ത് ജോർജ്, ബി.ജെ.പി. വയനാട് ജില്ലാ പ്രസിഡന്റ് കെ.പി. മധു എന്നിവരും ഒപ്പമുണ്ടായിരുന്നു.