31
Oct 2025
Sun
31 Oct 2025 Sun
Rajeev Chandrasekhar

ബിജെപി കേരള സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കോടികളുടെ ഭൂമികുംഭകോണം നടത്തിയതായി പരാതി. കര്‍ണാടകയില്‍ വ്യാവസായിക ആവശ്യത്തിന് സര്‍ക്കാര്‍ നല്‍കിയ ഭൂമി മറിച്ച് വിറ്റ് കോടികല്‍ നേടിയതായാണ് അഡ്വ. കെ എന്‍ ജഗദേഷ് കുമാര്‍ കര്‍ണാടക ഹൈക്കോടതിയിലും സുപ്രിം കോടതിയിലും നല്‍കിയ പരാതിയില്‍ പറയുന്നത്.

whatsapp ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കോടികളുടെ ഭൂമി തട്ടിപ്പ് നടത്തി; കര്‍ണാടകയിലെ സര്‍ക്കാര്‍ ഭൂമി മറിച്ചുവിറ്റു; പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകള്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിപിഎല്‍ ഇന്ത്യ ലിമിറ്റഡിന് വ്യാവസായിക ആവശ്യത്തിന് നല്‍കിയ 175 ഏക്കര്‍ ഭൂമി മറിച്ച് വിറ്റ് 375 കോടി രൂപ നേടിയതായാണ് പരാതിയിലുള്ളത്. ഭൂമി തിരിച്ചപിടിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയതിന് പിന്നാലെ തനിക്കെതിരേ വധഭീഷണി ഉയര്‍ന്നതായും അഭിഭാഷകന്‍ പറയുന്നു.

ബിപിഎല്‍ കമ്പനിയുടെ ഉടമയായായിരുന്നു രാജീവ് ചന്ദ്രശേഖര്‍. കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് ബോര്‍ഡ് ആണ് വ്യാവസായ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് ഭൂമി അനുവദിക്കുന്നത്. സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്ന് ചെറിയ വിലക്ക് ഭൂമി വാങ്ങി കമ്പനികള്‍ക്ക് കൈമാറും. അവിടെ വ്യവസായം ആരംഭിക്കണമെന്നതാണ് വ്യവസ്ഥ.

ALSO READ: മഹാരാഷ്ട്രയില്‍ ആര്‍എസ്എസിനെതിരേ ദലിത് മുന്നേറ്റം; കൈയില്‍ ഭരണഘടനയേന്തി ആര്‍എസ്എസ് ഓഫീസിലേക്ക് മാര്‍ച്ച്

കളര്‍ ടെലിവിഷന്‍, ട്യൂബുകള്‍, ബാറ്ററി തുടങ്ങിയവ നിര്‍മിക്കുന്നതിനുള്ള ഫാക്ടറി നിര്‍മിക്കുന്നതിന് വേണ്ടിയാണ് ബിപിഎല്‍ കമ്പനി 1999ല്‍ ഭൂമി പാട്ടത്തിനെടുത്തത്. എന്നാല്‍, ഫാക്ടറി തുടങ്ങിയില്ലെന്ന് മാത്രമല്ല പ്രസ്തുത ഭൂമി മറ്റ് സ്വകാര്യ കമ്പനികള്‍ക്ക് മറിച്ചുവില്‍ക്കുകയും ചെയ്തു.

വ്യവസായ ആവശ്യത്തിന് നല്‍കുന്ന ഭൂമിയില്‍ വ്യവസായ സ്ഥാപനം തുടങ്ങിയില്ലെങ്കില്‍ അധികം വൈകാതെ അത് തിരിച്ചുപിടിക്കണമെന്നാണ് നിയമം. എന്നാല്‍, അത് തിരിച്ചുപിടിക്കാതെ തട്ടിപ്പിന് കൂട്ടുനിന്നത് അന്നത്തെ വകുപ്പ് മന്ത്രി കട്ട സുബ്രഹ്‌മണ്യം ആണെന്നും പരാതിയിലുണ്ട്.

1.1 ലക്ഷം രൂപ ചെലവിട്ട് കര്‍ഷകരില്‍ നിന്ന് വാങ്ങിയ ഒരേക്കര്‍ ഭൂമി കോടികള്‍ വിലയുള്ള ഭുമിയാക്കി മറിച്ച് വില്‍ക്കുകയായിരുന്നു. 2011ല്‍ മാരുതി സുസുക്കിക്ക് മാത്രം 87 ഏക്കര്‍ ഭൂമി മറിച്ചുവിറ്റു. ആകെ 275 കോടിയുടെ ഇടപാടാണ് ഇതില്‍ നടന്നത്. ജിന്‍ഡാല്‍ കമ്പനിക്ക് 33.5 കോടി രൂപയുടെ 25 ഏക്കര്‍ ഭൂമിയും നല്‍കിയതായി അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ആകെ 313.9 കോടി രൂപയുടെ ഇടപാടാണ് നടന്നത്. പരാതിയുടെ കോപ്പി കര്‍ണാടക മുഖ്യമന്ത്രി, സിബിഐ, ഇഡി തുടങ്ങിയവര്‍ക്കു കൈമാറിയതായും അഭിഭാഷകന്‍ അറിയിച്ചു.