
ആലുവ സ്വദേശി ഇബ്രാഹിംകുട്ടിയുടെ വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണവും എട്ടരലക്ഷം രൂപയും കവര്‍ന്ന കേസില്‍ വഴിത്തിരിവ്. മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം വീട്ടമ്മ നടത്തിയ നാടകമായിരുന്നു കവര്‍ച്ചയെന്ന് പോലീസ് കണ്ടെത്തി. പണവും സ്വര്‍ണവും പലപ്പോഴായി കൈക്കലാക്കിയ മന്ത്രവാദിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ചിറമങ്ങാട് സ്വദേശി അന്‍വര്‍ ആണ് അറസ്റ്റിലായത്. വീട്ടില്‍ അപകടമരണം സംഭവിക്കുമെന്ന് വീട്ടമ്മയെ ഭയപ്പെടുത്തിയായിരുന്നു ഇയാള്‍ 40 പവന്‍ സ്വര്‍ണവും എട്ടരലക്ഷം രൂപയും വാങ്ങിയെടുത്തത്.
![]() |
|
ജനുവരി ആറിനാണ് ഇബ്രാഹിംകുട്ടിയുടെ വീടിന്റെ പൂട്ടുപൊളിച്ച് 40 പവനും പണവും കവര്‍ന്നുവെന്ന പരാതി പോലീസിന് ലഭിച്ചത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ പ്രത്യേക ടീം ആയിരുന്നു കേസ് അന്വേഷിച്ചത്. പോലീസും ഫൊറന്‍സിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി
തെളിവുകള്‍ ശേഖരിച്ചതിനു പിന്നാലെയാണ് വീട്ടില്‍ നടന്നത് കവര്‍ച്ചാനാടകമാണെന്ന് വ്യക്തമായത്.
തുടര്‍ന്ന് ഗൃഹനാഥയെ ചോദ്യം ചെയ്തപ്പോഴാണ് ആഭിചാരക്രിയകള്‍ ചെയ്യുന്ന അന്‍വറിന്റെ നിര്‍ദേശം അനുസരിച്ചാണ് കവര്‍ച്ചാനാടകം നടത്തിയെന്ന് ഇവര്‍ വെളിപ്പെടുത്തിയത്. ഭര്‍ത്താവിനും മക്കള്‍ക്കും അപകടമരണം ഉണ്ടാകുമെന്നും അതിന് പരിഹാരം ചെയ്യണമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് അന്‍വര്‍ പലതവണകളായി പണവും സ്വര്‍ണവും കൈപ്പറ്റുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് ബന്ധു മുഖാന്തിരമാണ് ഗൃഹനാഥ അന്‍വറിനെ ആദ്യമായി കാണാനെത്തുന്നത്.
ഇബ്രാഹിംകുട്ടിയുടെ പക്കല്‍ പണമും സ്വര്‍ണവും ഉണ്ടെന്ന് മനസ്സിലാക്കിയ അന്‍വര്‍ തട്ടിപ്പ് ആസൂത്രണം ചെയ്യുകയായിരുന്നു. പണവും സ്വര്‍ണവും വീട്ടിലിരുന്നാല്‍ ആഭിചാരക്രിയകള്‍ ഫലിക്കില്ലെന്നും പ്രതികൂല ഫലമുണ്ടാക്കുമെന്നും വിശ്വസിപ്പിച്ചായിരുന്നു ഇയാള്‍ ഗൃഹനാഥയെ കബളിപ്പിച്ചത്.