ഈ വര്‍ഷത്തിലെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണം ഇന്ന്(സപ്തംബര്‍ 7 ഞായര്‍). ഈ പൂര്‍ണ ചന്ദ്രഗ്രഹണത്തിനൊപ്പം (Total Lunar Eclipse) ഇന്ന് രാത്രി ആകാശത്ത് ‘രക്തചന്ദ്രന്റെ’ (Blood Moon) വര്‍ണമനോഹര കാഴ്ച്ചയും ദൃശ്യമാവും. ഗ്രഹണം ആകെ 82 മിനിറ്റ് നീണ്ടുനില്‍ക്കും.
|
സെപ്റ്റംബര്‍ 7ന് ഇന്ത്യന്‍ സമയം രാത്രി 09:58ന് ചന്ദ്രഗ്രഹണം ആരംഭിക്കും. സെപ്റ്റംബര്‍ 8ന് പുലര്‍ച്ചെ 01:26ന് ഇത് അവസാനിക്കും. ഇന്ത്യയില്‍ ചന്ദ്രഗ്രഹണം കാണാന്‍ ഏറ്റവും അനുയോജ്യമായ സമയം രാത്രി 11നും 12:22നും ഇടയിലായിരിക്കും. ഗ്രഹണം ഏകദേശം 3 മണിക്കൂര്‍ 29 മിനിറ്റ് നീണ്ടുനില്‍ക്കും, പൂര്‍ണ്ണ ചന്ദ്രഗ്രഹണത്തിന്റെ ദൈര്‍ഘ്യം 1 മണിക്കൂര്‍ 22 മിനിറ്റാണ്. രാത്രി 11 മണി മുതല്‍ രക്തചന്ദ്രന്റെ കാഴ്ച ദൃശ്യമാകും. രാത്രി 11:42ന് അതിന്റെ ഉച്ചസ്ഥായിയിലെത്തും.
ആകാശം തെളിഞ്ഞിരിക്കുകയാണെങ്കില്‍ കേരളം ഉള്‍പ്പെടെ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഈ പൂര്‍ണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഇന്ത്യന്‍ സമയം രാത്രി 11:00നും 12:22നും ഇടയില്‍ (നിങ്ങള്‍ എവിടെയാണെന്നതിനെ ആശ്രയിച്ച് സമയത്തില്‍ ചെറിയ വ്യത്യാസങ്ങള്‍ മാത്രം) ചന്ദ്രന്‍ കടും ചുവപ്പ് നിറത്തില്‍ ദൃശ്യമാകും.
ALSO READ: ”സര്‍വ്വ ശക്തന് നന്ദി…”; പ്രായത്തിന് റിവേഴ്‌സ് ഗിയറിട്ട മമ്മൂട്ടിയുടെ പിറന്നാള്‍ സന്ദേശമെത്തി
എങ്കിലും, പ്രകാശ, വായു മലിനീകരണം കുറവുള്ള സ്ഥലങ്ങളിലേക്ക് പോകുന്നത് പൂര്‍ണ ചന്ദ്രഗ്രഹണം കൂടുതല്‍ ആകര്‍ഷകമാക്കും.
ഇന്ത്യയെ കൂടാതെ, സെപ്റ്റംബര്‍ 7-8 തീയതികളിലെ ചന്ദ്രഗ്രഹണം പടിഞ്ഞാറ് വടക്കേ അമേരിക്കയിലും, കിഴക്ക് തെക്കേ അമേരിക്കയിലും, പസഫിക്, അറ്റ്‌ലാന്റിക്, ഇന്ത്യന്‍ മഹാസമുദ്രം, യൂറോപ്പ്, ഏഷ്യ, ഓസ്ട്രേലിയ, ആഫ്രിക്ക, ആര്‍ട്ടിക്, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളിലും ദൃശ്യമാകും.
എന്താണ് രക്തചന്ദ്രന്‍?
ഈ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്‍ ചുവപ്പ് നിറത്തില്‍ ദൃശ്യമാകും. ഇതിനെ ബ്ലഡ് മൂണ്‍ അഥവാ രക്തചന്ദ്രന്‍ എന്ന് വിളിക്കുന്നു. റെയ്ലീ സ്‌കാറ്ററിംഗ് എന്ന പ്രതിഭാസം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ ചന്ദ്രനിലേക്ക് കടന്നുപോകുന്ന സൂര്യരശ്മികളിലെ നീല, വയലറ്റ് പോലുള്ള ചെറിയ തരംഗദൈര്‍ഘ്യമുള്ളവ എല്ലാ ദിശകളിലേക്കും ചിതറുന്നു. അതേസമയം ചുവപ്പ്, ഓറഞ്ച് തുടങ്ങിയ രശ്മികള്‍ കൂടുതലായി ചന്ദ്രനില്‍ എത്തുകയും ചെയ്യുന്നു.


