08
Sep 2024
Sat
08 Sep 2024 Sat

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന വാര്‍ത്തകളും കുറിപ്പുകളും പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കീഴില്‍ രൂപീകരിച്ച ഫാക്ട് ചെക്ക് (വസ്തുതാ പരിശോധന) യൂണിറ്റ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച് ബോംബെ ഹൈക്കോടതി. (The Bombay High Court has declared unconstitutional the fact check unit set up under the Ministry of Information and Broadcasting to scrutinize news and posts on social media platforms related to the central government.)
ഫാക്ട് ചെക്ക് യൂണിറ്റ് രൂപീകരിക്കാനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഐ.ടി ചട്ടങ്ങളിലെ വിവാദ ഭേദഗതി ഹൈക്കോടതി റദ്ദാക്കി. വാര്‍ത്തകള്‍ക്ക് മേലുള്ള ഇടപെടലുകള്‍ക്കിടയാക്കുന്ന നീക്കം കേന്ദ്രസര്‍ക്കാരിന്റെ സെന്‍സറിങ്ങ് ആണെന്ന ആരോപണങ്ങള്‍ ശരിവയ്ക്കും വിധമാണ് കോടതിയുടെ നടപടി.
ഐ.ടി ചട്ടങ്ങളുടെ ഭേദഗതി ചോദ്യം ചെയ്ത് ഹാസ്യ അവതാരകന്‍ കുനാല്‍ കമ്ര, പത്രാധിപരുടെ കൂട്ടായ്മ എഡിറ്റേഴ്‌സ് ഗില്‍ഡ് എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്. കേസില്‍ നേരത്തെ ജഡ്ജിമാരായ ഗൗതം എസ്. പട്ടേലും നീല ഗോഖലെയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഭിന്നവിധിയാണ് പുറപ്പെടുവിച്ചിരുന്നത്. നിയമഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് ജസ്റ്റിസ് പട്ടേല്‍ നിലപാടെടുത്തപ്പോള്‍, സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം നില്‍ക്കുകയാണ് ജസ്റ്റിസ് നീല ഗോഖലെ ചെയ്തത്. ഇതോടെ, ജസ്റ്റിസ് അതുല്‍ എസ്. ചന്ദ്രുക്കറിനെ കേസിലെ ടൈ ബ്രേക്കര്‍ ജഡ്ജിയായി നിയമിച്ചു.
ഐ.ടി ചട്ടങ്ങളില്‍ 2023ല്‍ കൊണ്ടുവന്ന ഭേദഗതി ഭരണഘടനയുടെ 14, 19 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ജസ്റ്റിസ് ചന്ദ്രുക്കര്‍ വിധിച്ചു. ഭരണഘടന ഉറപ്പാക്കുന്ന വ്യക്തി സ്വാതന്ത്യ(അനുച്ഛേദം 21)ത്തിന് എതിരാണെന്ന് ജഡ്ജി നിരീക്ഷിച്ചു. ഭേദഗതിയില്‍ ചേര്‍ത്ത വ്യാജം, തെറ്റ്, തെറ്റിദ്ധരിപ്പിക്കുന്നത് തുടങ്ങിയ പദങ്ങളില്‍ അവ്യക്തതയുണ്ട്. ഇവയ്ക്ക് കൃത്യമായ വ്യാഖ്യാനം ഇല്ലെന്നും ജസ്റ്റിസ് ചന്ദ്രുക്കര്‍ വ്യക്തമാക്കി. ഇതോടെ 2ഃ1 ഭൂരിപക്ഷത്തോടെ ഡിവിഷന്‍ ബെഞ്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഭരണഘനാവിരുദ്ധമായി പ്രഖ്യാപിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേന്ദ്രവുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ വസ്തുതാപരിശോധനയ്ക്കാണ് ഐ.ടി ചട്ടങ്ങള്‍ ഭേദഗതി വരുത്തി ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിച്ചത്. വാര്‍ത്തകളോ ഉള്ളടക്കമോ സര്‍ക്കാരിന്റെ കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി.ഐബി) വ്യാജമെന്നു കണ്ടെത്തിയാല്‍ സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ അവ നീക്കംചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന വിധത്തിലാണ് ഐ.ടി നിയമം ഭേദഗതി ചെയ്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നടപടി കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനസ്വഭാവമുള്ള വാര്‍ത്തകള്‍ നീക്കം ചെയ്യനാണെന്ന ആക്ഷേപം ശക്തമായിരുന്നു. ചട്ടപ്രകാരം പരാതികളില്‍ സമൂഹമാധ്യമ കമ്പനികള്‍ 72 മണിക്കൂറുകള്‍ക്കുള്ളില്‍ നടപടിയെടുക്കേണ്ടതാണ്. വാര്‍ത്തകള്‍ക്ക് പുറമെ വ്യക്തികള്‍ പങ്കുവയ്ക്കുന്ന കുറിപ്പുകളും വിഡിയോകളും പരിശോധിക്കുന്ന വിധത്തിലായിരുന്നു ഫാക്ട് ചെക്ക് യൂണിറ്റിന്റെ പ്രവര്‍ത്തനം. സാമൂഹിക മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമമാണിതെന്നായിരുന്നു ഭേദഗതിയെ കോടതിയില്‍ ഹരജിക്കാര്‍ വിശേഷിച്ചത്.

ഫാക്ട് ചെക്ക് യൂണിറ്റ് രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം മാര്‍ച്ചില്‍ സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു.

Bombay High Court struck down the amendment to the IT Rules

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക