
പാരീസ്: വനിതാ ഫുട്‌ബോളില്‍ പകരംവയ്ക്കാനില്ലാത്ത ബ്രസീലിയന്‍ ഇതിഹാസതാരം മാര്‍ത്ത കളി നിര്‍ത്തുന്നു. വര്‍ഷം അവസാനത്തോടെ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമെന്ന് ബ്രസീലിയന്‍ മാര്‍ത്ത അറിയിച്ചു. ‘സമയമായി എന്നു നമുക്കുതോന്നുന്ന ഘട്ടമുണ്ട്. ഞാന്‍ തീര്‍ത്തും ശാന്തമായാണ് ഈ തീരുമാനമെടുത്തത്. പാരീസ് ഒളിമ്പിക്‌സില്‍ കളിക്കുന്ന ഓരോ നിമിഷവും ആസ്വദിക്കും. ബ്രസീല്‍ ടീമിനൊപ്പം എന്റെ അവസാന ടൂര്‍ണമെന്റായിരിക്കുമിത്-
മാര്‍ത്ത പറഞ്ഞു.
![]() |
|
വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://cutt.ly/Ew5aGJxO
പാരിസ് ഒളിംപിക്‌സിനു പിന്നാലെ രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി 38 കാരിയായ മാര്‍ത്ത ബ്രസീലിലെ സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ‘രാജ്യാന്തര ഫുട്‌ബോളില്‍ ഇതെന്റെ അവസാന വര്‍ഷമായിരിക്കും. അതിനുള്ള സമയമായിരിക്കുന്നു. പരിഭവങ്ങളോ പരാതികളോ ഇല്ലാതെ, തീര്‍ത്തും സന്തോഷത്തോടെയാണ് ഞാന്‍ ഈ തീരുമാനം എടുക്കുന്നത്- എന്നായിരുന്നു മാര്‍ത്തയുടെ വാക്കുകള്‍.
ഫുട്‌ബോളില്‍ എല്ലാം തികഞ്ഞവരാണ് മാര്‍ത്ത. അവരെ തേടിയെത്താത്ത റെക്കോഡില്ല. ടോക്യോ ഒളിംപിക്‌സില്‍ ഗോള്‍ നേടിയതോടെ തുടര്‍ച്ചയായി അഞ്ച് ഒളിമ്പിക്‌സില്‍ ഗോള്‍ നേടുന്ന ആദ്യത്തെ താരമായ മാര്‍ത്തയ്ക്ക് ഒളിമ്പിക്‌സില്‍ രണ്ട് വെള്ളിയുണ്ട് (2004, 2008). ലോകകപ്പില്‍ കൂടുതല്‍ ഗോളിനും (17) ഉടമയാണ്. ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെ (16), ബ്രസീലിന്റെ റൊണാള്‍ഡോ (15) എന്നിവരാണ് തൊട്ടുപിന്നില്‍. 2006 മുതല്‍ 2010 വരെ തുടര്‍ച്ചയായി അഞ്ചുവര്‍ഷം ഫിഫയുടെ മികച്ച വനിതാ താരമായും അവര്‍ തെരഞ്ഞെടുക്കപ്പെട്ടു. 23 വര്‍ഷത്തെ കരിയറിനിടെ 170 മത്സരങ്ങളില്‍നിന്ന് 116 ഗോള്‍ നേടി.
ഒരുവയസ്സുള്ളപ്പോള്‍ അച്ഛന്‍ ഉപേക്ഷിച്ചുപോയ കുഞ്ഞാണ് ഇന്ന് ലോകംകീഴടക്കിയ മാര്‍ത്ത. മാര്‍ത്ത ഉള്‍പ്പെടെ നാലു മക്കളെ അമ്മ തെരേസ വളര്‍ത്തിവലുതാക്കി. കുട്ടിക്കാലത്ത് ഒരു ഫുട്‌ബോളോ ഷൂവോ വാങ്ങിനല്‍കാന്‍ അമ്മയ്ക്ക് കഴിയുമായിരുന്നില്ലെന്ന് മാര്‍ത്ത ഓര്‍ക്കുന്നു. അവിടെനിന്ന് ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍മാരുടെ നിരയിലേക്ക് ആ പെണ്‍കുട്ടി വളരുകായിരുന്നു.
Brazil football legend Marta announces international retirement