27
Feb 2023
Sun
27 Feb 2023 Sun

വിവാഹാഘോഷം നടക്കുന്നതിനിടെ വധുവിന്റെ അപ്രതീക്ഷിത വിയോ​ഗത്തിന് സാക്ഷ്യം വഹിച്ച് ഒരു കുടുംബം. ചടങ്ങിനിടെ വധു ഹൃദയാഘാതം മൂലം മരിച്ചതോടെ വിവാഹവീട് മരണവീടായി മാറുകയായിരുന്നു. എന്നാൽ കടുത്ത വിഷമത്തിന്റെ ആ അവസ്ഥയിലും വരനെയും കുടുംബത്തേയും കൈവിടാൻ വധുവിന്റെ വീട്ടുകാർ തയാറായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മണിക്കൂറുകൾക്കുള്ളിൽ വധുവിന്റെ സഹോദരിയുമായി വരന്റെ വിവാഹം നടത്തി. വധുവിന്റെ മൃതദേഹം സംസ്കരിക്കാതെയായിരുന്നു ഇത്. മരിച്ച യുവതിയുടെ മൃതദേഹം വിവാഹം സമയം കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ചു. പിന്നീട്, വിവാഹത്തിന് ശേഷമാണ് മൃതദേഹം ദഹിപ്പിച്ചത്. ബുധനാഴ്ചയാണ് സംഭവം.

​ഗുജറാത്തിലെ ഭാവ്‌നഗർ നഗരത്തിലെ സുഭാഷ്‌നഗറിനടുത്തുള്ള ഭാർവാദ് കുടുംബത്തിലെ ജിനഭായ് റാത്തോഡിന്റെ മൂത്ത മകളായ ഹേതലിന്റെയും നാരി ഗ്രാമത്തിലെ വിശാൽ റാണാഭായിയുടെയും വിവാഹമാണ് നടക്കാനിരുന്നത്. വൈകുന്നേരത്തോടെ ഘോഷയാത്ര ഭാവ്‌നഗറിലെത്തി. മറ്റ് വിവാഹ ചടങ്ങുകളുമെല്ലാം തന്നെ പൂർത്തിയായി.

എന്നാൽ, ചടങ്ങുകൾക്കിടെ ഹേതലിന് പെട്ടെന്ന് തലകറക്കം അനുഭവപ്പെട്ടു. തിരക്കിൽ നിന്നും മാറി അൽപനേരം വിശ്രമിക്കാനായി ഹേതൽ ബാൽക്കണിയിലെത്തി. എന്നാൽ, യുവതിയെ കാണാതെ വന്നതോടെ ആളുകൾ തിരയാൻ തു‌ടങ്ങി. ബാൽക്കണിയിലെത്തിയപ്പോൾ അവിടെ ഹേതൽ ബോധരഹിതയായി കിടക്കുന്നതാണ് കണ്ടത്.

ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചു. എന്നാൽ, യുവതി മരിച്ചതായി ആശുപത്രി ജീവനക്കാർ സ്ഥിരീകരിച്ചു. ഹൃദയാഘാതമായിരുന്നു മരണ കാരണം. പിന്നീട് വീട്ടുകാർ മൃതദേഹം കോൾഡ് സ്റ്റോറേജിൽ സൂക്ഷിക്കാൻ തീരുമാനിച്ചു. പിന്നാലെ വരന്റെ ഭാര്യാസഹോദരി ആകേണ്ടിയിരുന്ന കുടുംബത്തിലെ ഇളയ പെൺകുട്ടിയുമായി യുവാവിന്റെ വിവാഹം നടത്താനും തീരുമാനിക്കുകയുമായിരുന്നു.

മകളുടെ വിയോ​ഗത്തിൽ തകർന്നിരിക്കുമ്പോഴും വരനെയും കുടുംബത്തെയും കൈവിടാതിരിക്കാനായി സഹോദരിയെ വിവാഹം കഴിപ്പിക്കാൻ കുടുംബം തയ്യാറായത് മാതൃകാപരമായ തീരുമാനം എന്നാണ് ഭാവ്‌നഗറിലെ മാൽധാരി കമ്മ്യൂണിറ്റിയുടെ നേതാവായ ലക്ഷ്മൺഭായ് പറഞ്ഞത്.