01
Aug 2023
Thu
01 Aug 2023 Thu

ഡല്‍ഹി: വിഭവങ്ങളില്‍ നിന്ന് തക്കാളിയെ ഒഴിവാക്കി ബര്‍ഗര്‍ കിംഗ്. ‘തക്കാളിക്ക് പോലും ഒരു അവധി ആവശ്യമാണ്. ഭക്ഷണത്തില്‍ തക്കാളി ചേര്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല’ എന്ന അറിയിപ്പാണ് ബര്‍ഗര്‍ കിംഗ് പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍, തക്കാളിയുടെ വില വര്‍ദ്ധനവാണ് പുതിയ നടപടിക്ക് പിന്നിലെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ബര്‍ഗര്‍ കിംഗ് പുറത്തുവിട്ട നോട്ടീസ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ പ്രത്യേക സ്വാധീനമാണ് ബര്‍ഗര്‍ കിംഗിന് ഉള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തക്കാളി വില ഉയര്‍ന്നതിനെ തുടര്‍ന്ന് മക്‌ഡൊണാള്‍ഡ്‌സ്, സബ്വേ എന്നീ പ്ലാറ്റ്‌ഫോമുകള്‍ കഴിഞ്ഞ മാസം ബര്‍ഗറുകള്‍, സാന്‍ഡ്വിച്ചുകള്‍, മറ്റ് വിഭവങ്ങള്‍ എന്നിവയില്‍ നിന്ന് തക്കാളിയെ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബര്‍ഗര്‍ കിംഗിന്റെ നീക്കം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അനുഭവപ്പെട്ട കനത്ത മഴ തക്കാളിയുടെ ഉല്‍പ്പാദനത്തെ ഗണ്യമായി ബാധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വിലക്കയറ്റം ഉണ്ടായത്. ഡല്‍ഹി അടക്കമുള്ള നഗരങ്ങളില്‍ ഒരു കിലോ തക്കാളിക്ക് 170 മുതല്‍ 200 രൂപ വരെ ഉയര്‍ന്നിരുന്നു.