22
Jul 2023
Wed
22 Jul 2023 Wed

പാരീസ്: ബ്രസീല്‍ ആരാധകര്‍ക്ക് ഇനി സന്തോഷിക്കാം. റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി ബ്രസീലിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കും. അടുത്ത വര്‍ഷം ജൂണില്‍ ആരംഭിക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് തൊട്ട് മുന്‍പായി ആഞ്ചലോട്ടി ബ്രസീല്‍ കോച്ചായി ചാര്‍ജ് എടുക്കുക. വരുന്ന സീസണ്‍ മുഴുവന്‍ അദ്ദേഹം റയല്‍ മാഡ്രിഡില്‍ തന്നെ തുടരും. സീസണ്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പുതിയ ദൗത്യം ഏറ്റെടുക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് എഡ്‌നാള്‍ഡോ റോഡ്രിഗസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആഞ്ചലോട്ടിയുമായി ധാരണയായ വിവരം എഡ്‌നാള്‍ഡോ റോഡ്രിഗസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ക്ലബ് പരിശീലകന്‍ എന്ന നിലയില്‍ ഇതിഹാസ തുല്യമായ കരിയറിന് ഉടമയായ ആഞ്ചലോട്ടി, ഇതാദ്യമായാണ് ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കാന്‍ പോകുന്നത്.

2026 ലോകകപ്പ് ലക്ഷ്യമിട്ട് ബ്രസീലിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യമായിരിക്കും കാര്‍ലോ ആഞ്ചലോട്ടിക്ക് പ്രധാനമായും നല്‍കുക. 2002ന് ശേഷം ലോകകപ്പ് കിട്ടിയില്ലെന്ന ചീത്തപ്പേര് മാറ്റുകയാവും ചാണക്യനായ ആഞ്ചലോട്ടിയുടെ മുമ്പിലുള്ള ദൗത്യം.

ബ്രസീലിന്റെ യുവനിരയിലെ പലരുമായും നല്ല ബന്ധമുള്ളയാളാണ് ആഞ്ചലോട്ടി. റോഡ്രിഗോ, വിനിഷ്യസ് ജൂനിയര്‍, എഡര്‍ മിലിറ്റാവോ എന്നിവരുടെ കളിശൈലികളെല്ലാം ആഞ്ചലോട്ടിക്ക് നേരിട്ട് അറിയാം. കാസമിറോയുമായും അടുത്ത ബന്ധമുണ്ട്. അത്തരമൊരാള്‍ തലപ്പത്തേക്ക് എത്തുന്നത് കൂടുതല്‍ ഒത്തിണക്കമുള്ള ടീമിനെ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുമെന്നാണ് ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ കരുതുന്നത്.

അഞ്ചു തവണ ലോകകപ്പ് കിരീടം നേടിയ ബ്രസീലിന്, ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മാത്രമാണ് എതാന്‍ സാധിച്ചിരുന്നത്. ടീമിന്റെ മോശം പ്രകടനത്തിന് ശേഷം പരിശീലകന്‍ ടിറ്റെ സ്ഥാനം ഒഴിയുകയും ചെയ്തിരുന്നു. പകരക്കാരനെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലായിരുന്നു ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. സിനദിന്‍ സിദാന്‍, ലൂയിസ് എന്റിക്കെ, മൗറിഞ്ഞോ, പെപ് ഗാര്‍ഡിയോള, ജോര്‍ഹെ ജീസസ് തുടങ്ങി നിരവധി പ്രമുഖ പരിശീലകരുടെ പേര് ഉയര്‍ന്നു വന്നെങ്കിലും ആരുടേയും പേര് ഉറപ്പിക്കാന്‍ ബ്രസീല്‍ ഫെഡറേഷനായില്ല.