16
Apr 2024
Sat
16 Apr 2024 Sat

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആശങ്കകള്‍ക്ക് താത്കാലിക വിരാമമിട്ട് 3,000 കോടി കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. 5000 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. കേരളത്തിന് ഈ സാമ്പത്തിക വര്‍ഷം 37,512 കോടി കടമെടുക്കാന്‍ അവകാശമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെങ്കിലും കടമെടുപ്പിനുള്ള അനുമതി ഒരു സംസ്ഥാനത്തിനും നല്‍കിയിരുന്നില്ല. ഇതോടെയാണ് ഇടക്കാല വായ്പക്കുള്ള അനുമതി കേരളം ആവശ്യപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ സാമ്പത്തികവർഷം 37,512 കോടിയാണ് സംസ്ഥാനത്തിന്റെ കടപരിധിയായി കേന്ദ്രം നിശ്ചയിച്ചത്. പരിധി നിർണയത്തിനുശേഷമാണ് ആദ്യത്തെ ഒമ്പതുമാസത്തെ കടമെടുക്കാൻ അനുവാദം നൽകുന്നത്. ഇതിന് ചില നടപടിക്രമങ്ങൾ ബാക്കിയുണ്ട്.

അനുവാദം വൈകുന്നതിനാൽ തത്കാലം 5000 കോടി എടുക്കാൻ സമ്മതിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. 3000 കോടിയാണ് അനുവദിച്ചത്.

തദ്ദേശ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും കഴിഞ്ഞ വര്‍ഷം പാസാക്കാന്‍ കഴിയാത്ത ബില്ലുകള്‍ പാസാക്കാനാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുക.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മെയിന്റനന്‍സ് ഗ്രാന്റിന്റെ ആദ്യഗഡുവായി 1.377 കോടി രൂപ ഇന്നലെ ധനവകുപ്പ് അനുവദിച്ചു. ഇതില്‍ 847.42 കോടി റോഡുകളുടെ അറ്റകുറ്റപ്പണിക്കാണ്. മറ്റുള്ള അറ്റകുറ്റപ്പണികള്‍ക്കായി 529.64 കോടിയും നീക്കിവച്ചു. പഞ്ചായത്തുകള്‍ക്ക് 928.87 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക്74.28 കോടി, ജില്ലാ പഞ്ചായത്തുകള്‍ക്ക് 130.19 കോടി, മുന്‍സിപ്പാലിറ്റികള്‍ക്ക് 184.13 കോടി, കോര്‍പ്പറേഷനുകള്‍ക്ക് 59.45 കോടി എന്നിങ്ങനെയാണ് വിഹിതമുള്ളത്.