ന്യൂഡല്‍ഹി: ഐപിസിയും സിആര്‍പിസിയും ഒഴിവാക്കി പകരമായി കേന്ദ്ര ആഭ്യന്തര മന്ത്രി അവതരിപ്പിച്ച ‘ഭാരതീയ ന്യായ സന്‍ഹിത’ ബില്ലില്‍ രാജ്യദ്രോഹക്കുറ്റത്തിന്‍റെ നിര്‍വചനം മാറ്റി, ശിക്ഷ കൂട്ടി. ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന രാജ്യദ്രോഹക്കുറ്റം പൂര്‍ണമായി പിന്‍വലിക്കുന്നുവെന്നാണ് അമിത്ഷാ പുതിയ ക്രിമിനല്‍ നിയമങ്ങൾ അവതരിപ്പിച്ചുകൊണ്ട് അവകാശപ്പെട്ടത്. എന്നാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിന് പകരമുള്ള പുതിയ ബില്ലിൽ ശിക്ഷ കൂട്ടുകയാണ് ചെയ്തിരിക്കുന്നത്.
|
‘വാക്കുകള്‍, ആംഗ്യങ്ങള്‍, എഴുത്ത്, സാമ്പത്തിക സഹായം, ഇലക്ട്രോണിക് കമ്യൂണിക്കേഷന്‍ തുടങ്ങിയവയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ അതൃപ്തിയോ, അനിഷ്ടമോ, വെറുപ്പോ ഉണ്ടാക്കൽ’ എന്നതാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ (ഐപിസി) രാജ്യദ്രോഹക്കുറ്റത്തിന്റെ നിർവചനം. 124 എ ആണ് വകുപ്പ്. മൂന്ന് വർഷം മുതല്‍ പരമാവധി ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
എന്നാൽ പുതുതായി കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ‘ഭാരതീയ ന്യായ സന്‍ഹിത’യിലെ 150ാം വകുപ്പ് രാജ്യദ്രോഹക്കുറ്റത്തെ മറ്റൊരു രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ‘വാക്കുകള്‍, ആംഗ്യങ്ങള്‍, എഴുത്ത്, സാമ്പത്തിക സഹായം, ഇലക്ട്രോണിക് കമ്യൂണിക്കേഷന്‍ തുടങ്ങിയവയിലൂടെ രാജ്യത്തിന്‍റെ അഖണ്ഡതയും പരമാധികാരവും അപകടത്തിലാക്കുന്നത്’ എന്നാണ് ഈ വകുപ്പ് പറയുന്നത്. ഏഴ് വര്‍ഷം വരെ തടവും പിഴയുമോ ജീവപര്യന്തം തടവോ ശിക്ഷയായി ലഭിക്കാം.





