2022 നവംബറില്‍ അവതരിപ്പിച്ച നിര്‍മിതബുദ്ധിയിലധിഷ്ടിതമായ ചാറ്റ്ജിപിടി വന്‍ പരാജയം. ഉപയോക്താക്കളുടെ എണ്ണം വന്‍തോതില്‍ കുറയുന്നതടക്കം നിരവധി പ്രതിസന്ധികളാണ് ചാറ്റ്ജിപിടി നേരിടുന്നത്. ചാറ്റ് ജിപിടിയുടെ ഉടമകളായ സാംആള്‍ട്ട്മാന്‍ നേതൃത്വം നല്‍കുന്ന ഓപണ്‍എഐക്ക് ഇതുമൂലം പ്രതിദിനം 5.80 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ പോക്കു പോവുകയാണെങ്കില്‍ 2024 അവസാനത്തോടെ കമ്പനി പാപ്പരാകുമെന്നാണ് റിപോര്‍ട്ട്.
|
ചാറ്റ് ജിപിടി അവതരിപ്പിച്ചതിനു പിന്നാലെ റെക്കോഡ് വേഗത്തിലായിരുന്നു ആപ്പുകള് ഡൌണ് ലോഡ് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ ഏതാനും മാസങ്ങളായി ചാറ്റ്ജിപിടിയുടെ സ്വീകാര്യതയ്ക്ക് വന്‍തോതില്‍ കുറവുണ്ടായതായാണ് സിമിലര്‍വെബ് ഡാറ്റ വ്യക്തമാക്കുന്നത്. 2023 ജൂണില്‍ 1.7 ബില്യന്‍ ഉപയോക്താക്കളുണ്ടായിരുന്ന ചാറ്റ്ജിപിടിക്ക് ജൂലൈ മാസമായപ്പോഴേക്കും 1.5 ബില്യനായി കുറഞ്ഞുവെന്ന് സിമിലര്‍ വെബ് കണക്കുകള്‍ വ്യക്തമാക്കുന്നു.
ചാറ്റ് ജിപിടി വികസിപ്പിക്കുന്നതു മുതല്‍ ഇതുവരെ 540 ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടായതായാണ് കണക്ക്. 2023ഓടെ 200 ദശലക്ഷം ഡോളര്‍ വാര്‍ഷിക വരുമാനമായിരുന്നു ഓപണ്‍എഐ പ്രതീക്ഷിച്ചിരുന്നത്. 2024ല്‍ 1 ബില്യന്‍ ഡോളറായി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യവും കമ്പനിക്കുണ്ടായിരുന്നു. എന്നാല്‍ നഷ്ടം കുമിഞ്ഞുകൂടുന്നുവെന്ന പ്രതിസന്ധിയാണ് കമ്പനിയിപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.


