22
Aug 2023
Fri
22 Aug 2023 Fri

പൊരുതി തോറ്റെങ്കിലും ഇന്ത്യയുടെ അഭിമാനമായി പ്രഗ്‌നാനന്ദയെന്ന കൗമാരക്കാരന്‍; ലഭിക്കുന്ന സമ്മാനത്തുക ഇത്രയാണ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബാക്കു(അസര്‍ബെയ്ജാന്‍): ചെസ് ലോകകപ്പ് ഫൈനലില്‍ നോര്‍വെയുടെ മാഗ്‌നസ് കാള്‍സനോട് പൊരുതി തോറ്റെങ്കിലും ഇന്ത്യയുടെ ആര്‍. പ്രഗ്‌നാനന്ദയെന്ന കൗമാരക്കന്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചു. റാപിഡ് ടൈ ബ്രേക്കിലെ ആദ്യ മത്സരം കാള്‍സണ്‍ വിജയിച്ചപ്പോള്‍ രണ്ടാം മത്സരം 28 നീക്കങ്ങള്‍ക്കൊടുവില്‍ സമനിലയില്‍ അവസാനിച്ചു.

ലോക ചാമ്പ്യന്റെ സര്‍വപരിചയസമ്പത്തും പുറത്തെടുത്താണ് പ്രഗ്‌നാനന്ദക്കെതിരെ മാഗ്‌നസ് കാള്‍സന്‍ കരുക്കള്‍ നീക്കി തുടങ്ങിയത്. വെള്ള കരുക്കളുമായി ആദ്യ മത്സരം തുടങ്ങിയ പ്രഗ്‌നാനന്ദയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കാള്‍സണായി. എന്‍ഡ്‌ഗെയിമിലേക്കു കടന്നതോടെ സമയക്കുറവിന്റെ സമ്മര്‍ദ്ദം പ്രഗ്‌നാനന്ദക്ക് തിരിച്ചടിയായി. ആദ്യ ഫൈനലിന്റെ സമ്മര്‍ദ്ദത്തില്‍ അളന്നുമുറിച്ച മനോഹര നീക്കങ്ങള്‍ നടത്താന്‍ പ്രഗ്‌നാനന്ദക്ക് കഴിയാതെപോയി. കിംഗ് സൈഡിലുള്ള ഇന്ത്യന്‍ താരത്തിന്റെ ദൗര്‍ബല്യം കൂടി മുതലാക്കിയ കാള്‍സണ്‍ ആദ്യ മത്സരം വിജയിച്ചു. രണ്ടാം മത്സരത്തില്‍ സമനില മാത്രം ലക്ഷ്യം വെച്ച് കാള്‍സന്റെ അതിവേഗ നീക്കങ്ങള്‍ക്ക് മുന്നില്‍ അത്ഭുതങ്ങളൊന്നും പുറത്തെടുക്കാന്‍ പ്രഗ്‌നാനന്ദക്ക് കഴിഞ്ഞില്ല. 28 നീക്കങ്ങള്‍ക്കൊടുവില്‍ സമനില. മുന്‍ ലോകചാമ്പ്യനുമായ കാള്‍സനോട് അടിയറവ് പറയേണ്ടിവന്നെങ്കിലും 140 കോടി വരുന്ന ഇന്ത്യന്‍ ജനതയുടെ അഭിമാനമുയര്‍ത്തിയാണ് 18കാരന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ മടങ്ങുന്നത്.

അതേസമയം, ഫിഡെയുടെ ചെസ് ലോകകപ്പില്‍ റണ്ണറപ്പായതോടെ 67 ലക്ഷത്തോളം രൂപയാണ് (80,000 ഡോളര്‍) പ്രഗ്‌നാനന്ദയ്ക്ക് സമ്മാനമായി ലഭിക്കുക. കിരീടം നേടിയ കാള്‍സന് 91 ലക്ഷത്തോളം രൂപയും (110,000 ഡോളര്‍) ലഭിക്കും.

വിശ്വനാഥന്‍ ആനന്ദിനുശേഷം ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം നേരത്തേ തന്നെ പ്രഗ്‌നാനന്ദ സ്വന്തമാക്കിയിരുന്നു. ആനന്ദ് രണ്ട് വട്ടം ചാമ്പ്യനായിട്ടുണ്ട് (2000, 2002). 2005ല്‍ ലോകകപ്പിന്റെ ഫോര്‍മാറ്റ് നോക്കൗട്ട് രീതിയിലേക്ക് മാറിയതിനുശേഷം ഫൈനലില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് പ്രഗ്‌നാനന്ദ.