22
Mar 2024
Sun
22 Mar 2024 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വേനല്‍ക്കാലരോഗമായ ചിക്കന്‍പോക്‌സ് സംസ്ഥാനത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ചിക്കന്‍പോക്‌സിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് റിയിച്ചു. അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍,കുട്ടികള്‍, പ്രായമായവര്‍ എന്നവരിലാണ് രോഗം ഗുരുതരമായി മരണം സംഭവിച്ചിട്ടുള്ളത്. സ്വയം ചികിത്സ മൂലം കൃത്യമായ ചികിത്സ വൈകുന്നതും മരണകാരണമാകുന്നുണ്ട്

വേരിസെല്ല സോസ്റ്റര്‍’ എന്ന വൈറസാണ് ചിക്കന്‍പോക്‌സ് പടര്‍ത്തുന്നത്. പൊതുവേ പ്രതിരോധ ശക്തി കുറഞ്ഞിരിക്കുമെന്നതിനാല്‍ ഗര്‍ഭിണികള്‍, പ്രമേഹ രോഗികള്‍, നവജാത ശിശുക്കള്‍, അര്‍ബുദം ബാധിച്ചവര്‍ തുടങ്ങിയവര്‍ ഈ രോഗത്തിനെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.

പ്രധാന ലക്ഷണങ്ങള്‍

പൊതുവേ ശ്രദ്ധിക്കാതെ പോകുന്ന ഘട്ടമാണ് ചിക്കന്‍പോക്‌സിന്റെ ആദ്യഘട്ടം. കുമിളകള്‍ പൊങ്ങുന്നതിനു മുമ്പുള്ള ഒന്നോ രണ്ടോ ദിവസമാണിത്. ശരീരവേദന, കഠിനമായ ക്ഷീണം, നടുവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതാണു മിക്കവരിലും ചിക്കന്‍പോക്‌സ് പ്രകടമാക്കുന്ന ആദ്യ ലക്ഷണം. ചുവന്ന തടിപ്പ്, കുരു, കുമിള, പഴുപ്പ്, ഉണങ്ങല്‍ എന്നീ ക്രമത്തിലാണ് ഇവ രൂപാന്തരപ്പെടുന്നത്. ഒരേ സമയത്തുതന്നെ പലഘട്ടത്തിലുള്ള കുമിളകള്‍ ചിക്കന്‍പോക്‌സില്‍ സാധാരണയാണ്.

മിക്കവരിലും തലയിലും വായിലും ആണ് കുരുക്കള്‍ ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീട് നെഞ്ചിലും പുറത്തും ഉണ്ടാകുന്നു. എണ്ണത്തില്‍ ഇത് കൂടുതലാണ്. എന്നാല്‍, കൈകാലുകളില്‍ കുറവായിരിക്കും എന്ന പ്രത്യേകതയുമുണ്ട്.

ചിക്കന്‍പോക്‌സിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ് ചൊറിച്ചില്‍. കുരുക്കളുള്ള ഭാഗത്ത് മാത്രമായോ ശരീരം മുഴുവനുമായോ ചൊറിച്ചില്‍ അനുഭവപ്പെടാം. ചൊറിഞ്ഞ് പൊട്ടിയാല്‍ പഴുക്കാന്‍ സാധ്യത കൂടുതലാണ്.

ചിക്കന്‍പോക്‌സ്: സങ്കീര്‍ണതകള്‍

ഗര്‍ഭത്തിന്റെ ഒമ്പതു മുതല്‍ 16 വരെയുള്ള ആഴ്ചകളില്‍ അമ്മയ്ക്ക് ചിക്കന്‍പോക്‌സ് ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന് കണ്ണിനും തലച്ചോറിനും തകരാറ്, അംഗവൈകല്യം, നാഡി തളര്‍ച്ച ഇവ സംഭവിക്കുമെന്നതിനാല്‍ ഗര്‍ഭിണികള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രതിരോധശേഷി തീരെ കുറഞ്ഞവരെ ഗുരുതരമായി ചിക്കന്‍പോക്‌സ് ബാധിക്കാറുണ്ട്. പ്രത്യേകിച്ച് തലച്ചോര്‍, കരള്‍, വൃക്കകള്‍ തുടങ്ങിയ അവയവങ്ങളെ ബാധിച്ച് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കാറുണ്ട്. ചിക്കന്‍ പോക്‌സിനൊപ്പം ന്യൂമോണിയ കൂടി ബാധിക്കുന്നത് ഗര്‍ഭിണികളിലും ദുര്‍ബലരിലും സങ്കീര്‍ണതയ്ക്കിടയാക്കുംകുമിളകള്‍ പഴുക്കുക, രക്തസ്രാവം എന്നിവ ചിലരില്‍ സങ്കീര്‍ണത സൃഷ്ടിക്കും. പച്ചക്കറികള്‍ ധാരാളമടങ്ങിയ നാടന്‍ ഭക്ഷണങ്ങളാണ് ചിക്കന്‍പോക്‌സ് ബാധിച്ചവര്‍ക്ക് അനുയോജ്യം. ഒപ്പം വെള്ളവും ധാരാളം ഉള്‍പ്പെടുത്തണം. തിളപ്പിച്ചാറിയ വെള്ളം, ഇളനീര്‍, പഴച്ചാറുകള്‍ ഇവ പ്രയോജനപ്പെടുത്താം.

രോഗി ശ്രദ്ധിക്കേണ്ടത്:

രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ആരോഗ്യ കേന്ദ്രങ്ങളില്‍ വിവരമറിയിക്കുകയും ചികിത്സ എടുക്കുകയും വേണം.

രോഗികള്‍ മറ്റുള്ളവരില്‍ നിന്നുമുള്ള സമ്പര്‍ക്കം ഒഴിവാക്കി വൃത്തിയും വായുസഞ്ചാരവുമുള്ള മുറിയില്‍ കഴിയേണ്ടതാണ്.കുട്ടികള്‍, മുതിര്‍ന്നവര്‍,അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.കുരു പൊട്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പൊട്ടി പഴുക്കുന്നവരില്‍ അടയാളം കൂടുതല്‍ കാലം നിലനില്‍ക്കും. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും പൊത്തിപിടിക്കുക. മറ്റുള്ളവരുമായി ഇടപഴകുന്നത് രോഗി പരമാവധി ഒഴിവാക്കുക.

മൂക്കിലെയും വായിലെയും സ്രവങ്ങളും കുരുവിലെ സ്രവങ്ങളും രോഗം പകര്‍ത്തുമെന്നറിയുക. പോഷക ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.സ്വയം ചികിത്സ ഒഴിവാക്കുക.ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നുകള്‍ മുടങ്ങാതെ കഴിക്കേണ്ടതാണ്.ഫലപ്രദമായ ആന്റിവൈറല്‍ മരുന്നുകള്‍ രോഗ തീവ്രത കുറയ്ക്കുന്നു. സ്വയം ചികിത്സ ഒഴിവാക്കുക.

സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും ചിക്കന്‍പോക്‌സിനുള്ള സൗജന്യ ചികിത്സ ലഭ്യമാണ്.

chickenpox kerala health department issues guidelines