15
Sep 2024
Sun
15 Sep 2024 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സ്‌കൂളില്‍ മാംസാഹാരം കൊണ്ടുവന്നുവെന്ന് ആരോപിച്ച് ഏഴുവയസ്സുള്ള മുസ്ലിംബാലനെ പുറത്താക്കിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (NCPCR) ഉത്തരവ്. സംഭവം നടന്ന ഹില്‍ട്ടണ്‍ പബ്ലിക് സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന അംരോഹ ജില്ലാ മജിസ്‌ട്രേറ്റിനോടാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സംഭവത്തില്‍ ശിശുക്ഷേമ സമിതിയും സ്വമേധയാ കേസെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അവിനാഷ് കുമാര്‍ ശര്‍മയോട് ജില്ലാ ശിശുക്ഷേമ സമിതി (സി.ഡബ്ല്യു.സി) നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയാണ് കുട്ടിയെ പ്രിന്‍സിപ്പല്‍ അവ്‌നീഷ് ശര്‍മ പുറത്താക്കിയത്. കുട്ടിയുടെ മാതാവും പ്രിന്‍സിപ്പലും തമ്മില്‍ സംസാരിക്കുന്നതിന്റെ വിഡിയോ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തായത്. സ്‌കൂളിലേക്ക് കുട്ടി മാംസാഹാരം കൊണ്ടുവന്നിട്ടില്ലെന്ന് മാതാവ് പറയുന്നുണ്ടെങ്കിലും, വിദ്വേഷം നിറഞ്ഞ വാക്കുകളോടെ പ്രിന്‍സിപ്പല്‍ ഇത് തള്ളുകയാണ് ചെയ്യുന്നത്. മാംസാഹാരം കൊണ്ടുവരികയും രാമക്ഷേത്രം തകര്‍ക്കുകയും ഹിന്ദുക്കളെ മര്‍ദിക്കുകയും ചെയ്യുന്ന വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് പ്രിന്‍സിപ്പല്‍ പറഞ്ഞത്.
സംഭവം വലിയ വിവാദമാകുകയും പ്രിന്‍സിപ്പലിനെതിരേ സര്‍വിസ് തലത്തില്‍ അന്വേഷണം നടക്കുകയും ചെയ്യുന്നതിനിടെ അദ്ദേഹം കഴിഞ്ഞദിവസം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. സംഭവത്തില്‍ അധ്യാപകനെതിരേ നടപടിക്ക് നീക്കമുണ്ടായതോടെയാണ് അദ്ദേഹത്തിന്റെ ബി.ജെ.പി പ്രവേശനം. വിഡിയോ വൈറലായതോടെ സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിക്കുകയും ഇതിനായി മൂന്നംഗസമിതി രൂപീകരിക്കുകയും ചെയ്തു. മാതാവിനോട് മോഷംവാക്കുകള്‍ ഉപയോഗിച്ചെന്ന് കണ്ടെത്തിയ സമിതി അധ്യാപകനെതിരേ നടപടി എടുക്കാനിരിക്കുകയായിരുന്നു.തന്നെയും സ്‌കൂളിനെയും ഭരണപരമായ നടപടികളില്‍ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നതെന്നാണ് സംശയം.

 

Child Rights Protection ordered to investigate Amroha school incident

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക