ഗസാ സിറ്റി: ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂരതയില്‍ ഗസയിലെ കുഞ്ഞുങ്ങള്‍ തണുത്ത് വിറച്ച് മരിക്കുന്നു. (Children in Gaza are dying of cold; Israel continues bombing hospitals) തുടര്‍ച്ചയായ ബോംബിങില്‍ വീടും കിടപ്പാടവും നഷ്ടപ്പെട്ട ഗസാ നിവാസികള്‍ താല്‍ക്കാലികമായി ഒരുക്കിയ ടെന്റുകള്‍ക്ക് തണുപ്പിനെ പ്രതിരോധിക്കാനുള്ള ശേഷിയില്ല. ഡിസംബറിലെ കൊടും തണുപ്പില്‍ 72 മണിക്കൂറിനിടെ നാലാമത്തെ കുഞ്ഞാണ് മരവിച്ച് മരിച്ചത്.
|
മരന്നും ഭക്ഷണവും തടഞ്ഞ് ഇസ്രായേല്‍ നടത്തുന്ന ഉപരോധത്തിനിടെ അന്തരീക്ഷോഷ്ടമാവ് കുത്തനെ കുറഞ്ഞതാണ് കുഞ്ഞുങ്ങളെ മരണത്തിലേക്ക് നയിക്കുന്നതെന്ന് ആരോഗ്യ കേന്ദ്രങ്ങള്‍ പറയുന്നു. ”’ടെന്റുകള്‍ക്ക് തണുപ്പിനെ പ്രതിരോധിക്കാനുള്ള ശേഷിയില്ല. രാത്രിയില്‍ ടെന്റുകള്‍ക്കുള്ളില്‍ മരംകോച്ചുന്ന തണുപ്പാണ്”- ദക്ഷിണ ഗാസയിലെ ഖാന്‍ യൂനുസിലുള്ള നാസര്‍ ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. അഹ്‌മദ് അല്‍ അഫറ പറഞ്ഞു.
ഒരു വര്‍ഷത്തിലേറെയായി ഇസ്രായേല്‍ തുടരുന്ന കടുത്ത ആക്രമണത്തില്‍ ഗസയിലെ ഭൂരിഭാഗം കുടുംബങ്ങള്‍ക്കും വീടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഗസയിലെ 23 ലക്ഷം ജനങ്ങളില്‍ 90 ശതമാനത്തോളം പേര്‍ അഭയാര്‍ത്ഥികളാക്കപ്പെട്ടിട്ടുണ്ട്. മാറുന്ന കാലാവസ്ഥയെ നേരിടാനാവാതെ വലിയ ദുരിതത്തിലാണിവര്‍. ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തതും കുഞ്ഞുങ്ങളുടെ ആരോഗ്യ സ്ഥിതിയെ ബാധിക്കുന്നുണ്ട്. ഇത് ആരോഗ്യ കേന്ദ്രങ്ങള്‍ക്കും അടിയന്തര സേവന സംവിധാനങ്ങള്‍ക്കും സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം ചെറുതല്ല.
തീരത്തോട് ചേര്‍ന്ന ടെന്റ് ക്യാമ്പുകളിലാണ് ഗസയിലെ അഭയാര്‍ത്ഥികളില്‍ ഭൂരിഭാഗവും കഴിയുന്നത്. ആവശ്യത്തിന് ഭക്ഷണവും മരുന്നും എത്തിക്കാനാവാതെ വലയുകയാണ് സന്നദ്ധ സംഘടനകള്‍. ആവശ്യത്തിന് ബ്ലാങ്കറ്റുകളോ ചൂട് വസ്ത്രങ്ങളോ തീകായാനുള്ള വിറകോ ഇല്ല.
അവസാന ആശുപത്രിയിലും ബോംബിട്ട് ഇസ്രായേല്‍

ഉത്തര ഗസയില്‍ പ്രവര്‍ത്തനക്ഷമമായ അവസാന ആശുപത്രിയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ബോംബിങില്‍ അഞ്ച് ജീവനക്കാര്‍ കൊല്ലപ്പെട്ടു. ഒരു ഡോക്ടര്‍ ഉള്‍പ്പെടെയാണ് മരിച്ചതെന്ന് ബൈത്ത് ലാഹിയയിലെ കമാല്‍ അദ്വാന്‍ ആശുപത്രി മേധാവി ഹുസ്സാം അബൂ സൈഫ പറഞ്ഞു. ഒരു ലബോറട്ടറി ടെക്‌നീഷ്യനും രണ്ട് മെയിന്റനന്‍സ് ജീവനക്കാരുമാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍.
ഇപ്പോള്‍ തന്നെ ഏറ്റവും ചുരുങ്ങിയ മാനുഷിക ശേഷി ഉപയോഗിച്ചാണ് ഈ ആശുപത്രി പ്രവര്‍ത്തിക്കുന്നതെന്നും മരുന്നും മറ്റ് സൗകര്യങ്ങളും കുറവാണെന്നും അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.
കമാല്‍ അദ്വാന്‍ ആശുപത്രിയുടെ പരിസരങ്ങളിലും ആശുപത്രികള്‍ക്ക് അകത്തും ഡ്രോണുകള്‍ ഉപയോഗിച്ച് ഇസ്രായാല്‍ സൈന്യം വെടിവയ്പ്പ് നടത്തുകയാണ്. ആശുപത്രിയുടെ ഐസിയു ഡയറക്ടര്‍ ഡോ. അഹ്‌മദ് അല്‍ കഹ്ലൂത്തിനെ നേരത്തേ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തുകയും നിരവധി ജീവനക്കാരെ പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





