പാകിസ്താൻ മുൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്ററുമായ ഇമ്രാൻ ഖാന്റെ മുൻഭാര്യയും ബ്രിട്ടീഷ് ചലച്ചിത്ര നിർമാതാവുമായ ജെമീമ ഗോൾഡ്സ്മിത്ത് വീണ്ടും വിവാഹിതയായി. ഐറിഷ്-ഓസ്ട്രേലിയൻ കോടീശ്വര വ്യവസായി കാമറൂൺ ഒ’റെയ്ലിയെയാണ് 52കാരിയായ ജെമീമ വിവാഹം കഴിച്ചത്. കുടുംബമാണ് വിവാഹവാർത്ത സ്ഥിരീകരിച്ചത്.
|
62കാരനായ കാമറൂൺ ഒ’റെയ്ലിയുമായി ജെമീമയുടെ വിവാഹം വാരാന്ത്യത്തിൽ നടന്നതായാണ് റിപ്പോർട്ട്. സിനിമകളോടും ഡോക്യുമെന്ററികളോടുമുള്ള ഇരുവരുടെയും താൽപര്യമാണ് പരിചയത്തിന് വഴിയൊരുക്കിയതെന്നാണ് വിവരം.
പാകിസ്താൻ ക്രിക്കറ്റ് താരത്തിൽനിന്ന് രാഷ്ട്രീയ നേതാവായി മാറിയ ഇമ്രാൻ ഖാനുമായി 1995ലാണ് ജെമീമ വിവാഹിതയായത്. ഏകദേശം ഒമ്പത് വർഷത്തെ ദാമ്പത്യത്തിന് ശേഷം 2004ൽ ഇരുവരും വിവാഹമോചിതരായി. സുലൈമാൻ, കാസിം എന്നീ രണ്ട് ആൺമക്കളാണ് ഇരുവർക്കുമുള്ളത്.
ജെമീമയുടെ സഹോദരൻ ബെൻ ഗോൾഡ്സ്മിത്തിന്റെ ഭാര്യ ജെമീമ ജോൺസാണ് ഇൻസ്റ്റഗ്രാമിലൂടെ വിവാഹവാർത്ത പങ്കുവച്ചത്. സിനിമാ നിർമാണ കമ്പനിയായ ഇൻസ്റ്റിൻക്റ്റ് പ്രൊഡക്ഷൻസ് സ്ഥാപിച്ച ജെമീമ നിരവധി സിനിമകളും ടെലിവിഷൻ പരിപാടികളും നിർമിക്കുകയും രചിക്കുകയും ചെയ്തിട്ടുണ്ട്. ശേഖർ കപൂർ സംവിധാനം ചെയ്ത ക്രോസ്-കൾച്ചറൽ റൊമാന്റിക് കോമഡി ചിത്രം ‘What’s Love Got to Do with It?’ ഉൾപ്പെടെയുള്ള സിനിമകളിലും അവർ പ്രവർത്തിച്ചിട്ടുണ്ട്. ന്യൂ സ്റ്റേറ്റ്സ്മാൻ, വാനിറ്റി ഫെയർ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും ജെമീമ എഴുതുകയും എഡിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
മനുഷ്യാവകാശ വിഷയങ്ങളിൽ സജീവമായി പ്രതികരിക്കുന്ന ജെമീമ, ജയിലിൽ കഴിയുന്ന മുൻ ഭർത്താവ് ഇമ്രാൻ ഖാന്റെ ആരോഗ്യനിലയെക്കുറിച്ചും മക്കൾ നടത്തുന്ന പ്രചാരണത്തെക്കുറിച്ചും അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നു.
ഇമ്രാൻ ഖാന്റെ തടങ്കൽ “പാകിസ്താനിലെ രാഷ്ട്രീയ വിഷയം മാത്രമല്ല, മനുഷ്യാവകാശ അടിയന്തരാവസ്ഥയായി മാറിയിരിക്കുകയാണ്” എന്നാണ് ജെമീമ പറഞ്ഞത്. ഇമ്രാൻ ഖാന്റെ ആരോഗ്യനില മോശമാകുന്നതിൽ മക്കൾ ആശങ്കാകുലരാണെന്നും സുലൈമാനും കാസിമും ബ്രിട്ടീഷ് പൗരന്മാരായതിനാൽ പിതാവിനെ കാണാൻ സാധിക്കുന്നില്ലെന്നും അവർ പറഞ്ഞിരുന്നു.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





