ന്യൂഡൽഹി: രാജ്യവ്യാപകമായി ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ച് ഹിന്ദുത്വവലതു പക്ഷം നടത്തുന്ന ആക്രമണങ്ങൾക്കെതിരെയാണ് ക്രിസ്ത്യൻ സംഘടനകൾ ഡൽഹി പാർലമെന്റ് സ്ട്രീറ്റിന് സമീപം പ്രതിഷേധിച്ചതെങ്കിലും പരിപാടിയിലൊരിടത്തും സംഘ്പരിവാരിനെയോ ഹിന്ദുത്വവാദികളെയോ വിമർശിച്ചില്ല. 79 വിവിധ സഭകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ഡൽഹി ജന്തർ മന്തറിൽ ഇന്നലെയാണ് പ്രതിഷേധപരിപാടികൾ നടന്നത്. ആക്രമണങ്ങൾക്കും ആക്രമണകാരികൾക്കെും എതിരേ മുദ്രാവാക്യങ്ങൾ വിളിക്കുന്നതിന് പകരം പാട്ടുകളും മറ്റുമായി പ്രാർഥനാ സംഗമത്തിന്റെ രീതിയിലായിരുന്നു മണിക്കൂറുകൾ നീണ്ട പരിപാടി.
|
നിർബന്ധിതമതപരിവർത്തനം ആരോപിച്ച് വ്യാപകമായ ആക്രമണങ്ങളാണ് നടക്കുന്നതെന്ന് പ്രക്ഷോഭകർ ചൂണ്ടിക്കാട്ടി. ചർച്ചുകൾക്ക് നേരെ ആക്രമണം നടക്കുന്നു. ഭീതിയോടെയാണ് ക്രിസ്ത്യൻ സമുദായം ഇവിടെ ജീവിക്കുന്നത്. 2021ൽ 525 ഇത്തരം കേസുകളാണ് റിപ്പോർട്ട്‌ചെയ്തതെങ്കിൽ കഴിഞ്ഞവർഷം അത് 600 കവിഞ്ഞതായും പ്രക്ഷോഭകർ പറഞ്ഞു.
പ്രതിഷേധപരിപാടികൾക്ക് ശേഷം സമുദായത്തെ ലക്ഷ്യംവച്ച് നടക്കുന്ന ആക്രമണങ്ങൾ സംബന്ധിച്ച് വിരമിച്ച സുപ്രിംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദേശീയന്യൂനപക്ഷകമ്മിഷന് സഭാനേതാക്കൾ നിവേദനം നൽകി. സമാന നിവേദനം രാഷ്ട്രപതിക്കും നൽകുമെന്ന് സംഘാടകർ അറിയിച്ചു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി നടക്കുന്ന ആക്രമണം ഈ വർഷത്തിന്റെ തുടക്കത്തിൽ ഗണ്യമായി വർധിച്ചെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇത്തർപ്രദേശ്, ചത്തിസ്ഗഡ്, മധ്യപ്രദേശ്, കർണാടക, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിലാണ് കൂടുതൽ ആക്രമണം നടക്കുന്നതെന്നും നിവേദനത്തിൽ പറയുന്നു.
നിലവിലെ സാഹചര്യം സർക്കാരിന്റെയും ജുഡീഷ്യറിയുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയിൽപ്പെടുത്താനാണ് തലസ്ഥാനനഗരിയിൽ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫോറം അധ്യക്ഷൻ ഡോ. മൈക്കിൾ വില്യംസ് പറഞ്ഞു.



