13
Oct 2026
Tue
13 Oct 2026 Tue
CJP Activists Entry Jantar Mantar Delhi Protest

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ അടിയന്തിര രാജി ആവശ്യപ്പെട്ടും വോട്ടർപട്ടിക ക്രമക്കേടുകൾക്കെതിരെയും കോക്രോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന സമരം രാജ്യതലസ്ഥാനത്ത് പുതിയ നാടകീയ രംഗങ്ങൾക്ക് വഴിതുറന്നു. ഡൽഹി പോലീസിന്റെ വൻ സുരക്ഷാ സന്നാഹങ്ങളെയും മൂന്ന് നിര ബാരിക്കേഡുകളെയും പൂർണ്ണമായും വെട്ടിച്ച് സി.ജെ.പി നേതാക്കളും പ്രവർത്തകരും ജന്തർമന്തറിനുള്ളിൽ പ്രവേശിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: വോട്ടര്‍ പട്ടികയില്‍ ‘ഭഗത് സിംഗിന്റെ’ ചിത്രം! രാജ്യതലസ്ഥാനത്ത് വോട്ട് തിരിമറി പ്രക്ഷോഭം കത്തുമ്പോള്‍ പഞ്ചാബില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വന്‍ വീഴ്ച; പിഴവ് തിരുത്തിയെന്ന് അധികൃതര്‍!

സമീപത്തെ ജനതാദൾ യുണൈറ്റഡ് (JDU) പാർട്ടി ഓഫീസിന്റെ വലിയ ഇരുമ്പ് ഗേറ്റിന് മുകളിലൂടെ സാഹസികമായി ചാടിക്കടന്നാണ് പ്രക്ഷോഭകർ ജന്തർമന്തർ സമരവേദിയിലേക്ക് അതിക്രമിച്ചു കയറിയത്.

യൂട്യൂബിൽ ലൈവ് സംപ്രേഷണം; ത്രിവർണ്ണ പതാകയേന്തി പ്രതിഷേധം

കൈകളിൽ ദേശീയപതാകയുമായി ജന്തർമന്തറിനുള്ളിലേക്ക് പ്രവേശിച്ച് കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ മുദ്രാവാക്യം വിളിച്ച സി.ജെ.പി പ്രവർത്തകർ, ഇതിന്റെ തത്സമയ (Live) ദൃശ്യങ്ങൾ തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ സ്ഥലത്തുണ്ടായിരുന്ന ഡൽഹി പോലീസും അർദ്ധസൈനിക വിഭാഗവും പ്രക്ഷോഭകരെ വളഞ്ഞു. ജന്തർമന്തറിൽ പ്രവേശിച്ച പ്രമുഖ നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ എന്നിവരെ പോലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു. നേതാക്കളെ കസ്റ്റഡിയിലെടുത്ത വിവരം സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ എക്‌സ് (X) പ്ലാറ്റ്‌ഫോമിലൂടെ സ്ഥിരീകരിച്ചു.

അന്ത്യശാസനം അവസാനിച്ചു; പൊലീസിന്റെ തന്ത്രങ്ങളെ തകർത്ത് അതിക്രമിച്ചു കയറ്റം

ജന്തർമന്തറിൽ സമാധാനപരമായി പ്രതിഷേധിക്കാൻ തീയതി അനുവദിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് സി.ജെ.പി പോലീസിന് അപേക്ഷ നൽകിയത്. 24 മണിക്കൂറിനുള്ളിൽ അനുമതി നൽകിയില്ലെങ്കിൽ സ്വന്തം നിലയ്ക്ക് സമരവുമായി മുന്നോട്ടുപോകുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ അപേക്ഷ നൽകി ഒരു മണിക്കൂറിനുള്ളിൽ ജന്തർമന്തർ സമരവേദിയല്ലെന്നും അത് ഡീനോട്ടിഫൈ ചെയ്തതാണെന്നും കാണിച്ച് പോലീസ് ഉത്തരവിറക്കുകയായിരുന്നു.

തങ്ങൾ നൽകിയ 24 മണിക്കൂർ സമയം അവസാനിക്കാറായപ്പോഴാണ് പൊലീസിന്റെയും കേന്ദ്ര ഏജൻസികളുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് സി.ജെ.പി പ്രവർത്തകർ അപ്രതീക്ഷിതമായി ഉള്ളിലേക്ക് പ്രവേശിച്ചത്.

പിണറായി വിജയനും മുൻനിര നേതാക്കൾക്കും കഴിയാത്തത് സാധിച്ചെടുത്ത് യുവാക്കൾ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യതലസ്ഥാനത്ത് കനത്ത പോലീസ് കാവലിലാണ് ജന്തർമന്തർ ഉള്ളത്. പ്രക്ഷോഭകർ ആരും ഉള്ളിലേക്ക് കടക്കാതിരിക്കാൻ റോഡുകൾ ബാരിക്കേഡ് വെച്ച് അടച്ചിരിക്കുകയായിരുന്നു.

രണ്ടു ദിവസം മുൻപ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മുതിർന്ന സി.പി.എം നേതാക്കൾ തൊട്ടടുത്തുള്ള കേരള ഹൗസിന്റെ കവാടത്തിലൂടെ ഇറങ്ങി ജന്തർമന്തറിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ചിരുന്നെങ്കിലും പോലീസിന്റെ കനത്ത പ്രതിരോധം കാരണം റോഡിൽ വെച്ച് സമരം അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ഈ കനത്ത സുരക്ഷാ കോട്ടയാണ് തൊട്ടടുത്തുള്ള ജെ.ഡി.യു ഓഫീസിന്റെ ഗേറ്റ് ചാടിക്കടന്ന് സി.ജെ.പി പ്രവർത്തകർ തകർത്തത്. ജന്തർമന്തർ ഡീനോട്ടിഫൈ ചെയ്താലും സമരം അവിടെത്തന്നെ സംഘടിപ്പിച്ച് തിരിച്ചുപിടിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സി.ജെ.പി.

Tags: CJP Jantar Mantar Entry, Abhijit Deepke Ashutosh Ranga, CJP Protest CEC Gyanesh Kumar, Delhi Police Jantar Mantar Denotified, National News Malayalam, Delhi Politics Malayalam, CJP Live YouTube Stream

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക