15
Apr 2023
Sat
15 Apr 2023 Sat

ചെന്നൈ: കളിയാക്കലിന്റെ പേരിൽ ഒമ്പതാം ക്ലാസ് വിദ്യാർഥികൾ തമ്മിലുണ്ടായ വാക്കേറ്റവും അടിപിടിയും കലാശിച്ചത് ഒരു കുട്ടിയുടെ മരണത്തിൽ. തമിഴ്നാട് തിരുവള്ളൂർ ജില്ലയിലെ അരണിയിലുള്ള ഗവൺമെന്റ് ബോയ്‌സ് സ്‌കൂളിലാണ് സംഭവം. പെരിയപാളയം സ്വദേശിയായ ബി തമിഴ്‌ശെൽവൻ എന്ന വിദ്യാർഥി (14) യാണ് മരണപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉച്ചഭക്ഷണ ഇടവേളയിൽ തമിഴ്‌ശെൽവനും സഹപാഠികളിലൊരാളും വാക്കേറ്റമുണ്ടാവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമാവുകയും അടിപിടിയിലെത്തുകയും ചെയ്തു. ഏറ്റുമുട്ടലിനിടെ നെറ്റിയിൽ ക്ഷതമേറ്റ തമിഴ്ശെൽവൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ പൊന്നേരി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും 14കാരൻ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

സഹപാഠികൾ തമിഴ്‌ശെൽവനെ നിരന്തരം അധിക്ഷേപിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതാണ് അടിപിടിയിൽ കലാശിച്ചത്. സംഭവത്തിൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തമിഴ്ശെൽവന്റെ കുടുംബാംഗങ്ങൾ പൊന്നേരി ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചു. തുടർന്ന് കുട്ടിയുടെ മരണത്തിന് കാരണക്കാരനായ കൗമാരക്കാരനെ തിരുവള്ളൂർ പൊലീസ് അറസ്റ്റ് ചെയ്തു. മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റമാണ് ഈ വിദ്യാർഥിക്കെതിരെ ചുമത്തിയത്.

ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ കൗമാരക്കാരനെ ചെങ്കൽപട്ടിലെ സർക്കാർ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഗണേഷ് കുമാറും സ്‌കൂളിലെത്തിയിരുന്നു. ആഴ്ചകൾക്ക് മുമ്പ് ത്രിച്ചിയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. 15കാരനാണ് തലയ്ക്ക് പരിക്കേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രണ്ട് സഹപാഠികൾ അറസ്റ്റിലായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക