16
Aug 2025
Fri
16 Aug 2025 Fri

കൊച്ചി: പ്രശസ്ത ഗായകൻ കെ.ജെ യേശുദാസിനെയും സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെയും അധിക്ഷേപിക്കുന്നതരത്തിൽ ഫേസ്ബുക്കിൽ‌ അസഭ്യം പറഞ്ഞ സംഭവത്തിൽ നടൻ വിനായകനെതിരെ പൊലീസിൽ പരാതി. കോൺഗ്രസ് നേതാവ് എൻ എസ് നുസൂറാണ് കേരള ഡിജിപിക്ക് പരാതി നൽകിയത്. വിനായകനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹത്തിന്റെ മാനസികനില പരിശോധിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരാതിയിൽ പറയുന്നത്: ‘പ്രമുഖരായവർക്കെതിരെ ഇത്തരത്തിൽ അവഹേളനം നടത്തുന്നതിന് വിനായകൻ പതിവാക്കിയിരിക്കുക ആണ്. നിരവധി കേസുകളിൽ പ്രതിയായ ഇദ്ദേഹത്തിനെതിരെ ഈ വിഷയത്തിൽ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹത്തിന്റെ മാനസിക നില പരിശോധിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും അപേക്ഷിക്കുന്നു’.

തെറി പോസ്റ്റ് പിൻവലിച്ചു

വിമർശനം ശക്തമായതോടെ, യേശുദാസിനെയും അടൂർ ഗോപാലകൃഷ്ണനെയും അധിക്ഷേപിക്കുന്നതരത്തിൽ പങ്കുവെച്ച പോസ്റ്റ് വിനായകൻ പിൻ‌വലിച്ചു. പകരം യേശുദാസിനും അടൂർ ഗോപാലകൃഷ്ണനുമെതിരെ വിനായകൻ പുതിയ വിമർശ പോസ്റ്റിട്ടു. അസഭ്യപ്രയോഗങ്ങൾ ഒന്നും ഇല്ലാതെ ആണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സിനിമാ കോൺക്ലേവിൽ അടൂർ ​ഗോപാലകൃഷ്ണൻ നടത്തിയ പ്രസംഗം വിവാദമായിരുന്നു. പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങളിലെ സംവിധായകരെയും വനിതാ സംവിധായകരെയും അധിക്ഷേപിക്കുംവിധം സംസാരിച്ചുവെന്നാണ് വിമർശനം ഉയർന്നത്.‌ സർക്കാർ സഹായത്തോടെ സിനിമയെടുക്കുന്ന പട്ടികജാതി-വർഗ വിഭാഗങ്ങളിലെ സംവിധായകർക്കും സ്ത്രീസംവിധായകർക്കും നിർബന്ധമായും വിദഗ്ധരുടെ കീഴിൽ കുറഞ്ഞത് മൂന്നുമാസം തീവ്രപരിശീലനം നൽകണമെന്നായിരുന്നു പരാമർശം. ഇതിന് പിന്നാലെ പ്രമുഖരടക്കം ഒട്ടേറെപ്പേർ അടൂരിനെ വിമർശിച്ചുകൊണ്ട് രം​ഗത്തെത്തിയ സാഹചര്യത്തിൽ ആണ് വിനായകനും രംഗത്ത് വന്നത്. കടുത്ത ആക്ഷേപവും തെറിയും ആയിരുന്നു പോസ്റ്റിൽ ഉണ്ടായിരുന്നത്.

സ്‌ത്രീകള്‍ ജീന്‍സും ലെഗിന്‍സും ധരിക്കുന്നതിനെ മോശമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യം അല്ലേ എന്നാണ് വിനായകന്‍ ചോദിക്കുന്നത്. അതുപോലെ സിനിമകളിലൂടെ സ്‌ത്രീ ശരീരത്തെ അസഭ്യ നോട്ടം നോക്കിയ ആളല്ലേ അടൂര്‍ എന്നും വിനായകന്‍ ആദ്യ പോസ്റ്റിൽ ചോദിച്ചു.

അടൂര്‍ ഗോപാലകൃഷ്‌ണന്‍ ജുബ്ബ ഇട്ട് ചെയ്‌താലോ യേശുദാസ് വെള്ളയിട്ട് പറഞ്ഞാലോ അത് അസഭ്യം ആകാതിരിക്കുമോ എന്നാണ് വിനായകന്‍ ചോദിക്കുന്നത്.

ചാലയിലെ തൊഴിലാളികള്‍ തിയേറ്ററിലെ വാതില്‍ പൊളിച്ച് സെക്‌സ് കാണാന്‍ ചലച്ചിത്ര മേളയില്‍ കയറിയെന്നും അതിനെ പ്രതിരോധിക്കാനാണ് ടിക്കറ്റ് ഏര്‍പ്പെടുത്തിയതെന്നും അടൂര്‍ പറഞ്ഞത് അസഭ്യം അല്ലേ എന്നും വിനായകന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

Complaint filed against Vinayakan with police; Demand to check actor’s mental condition