13
Apr 2025
Wed
13 Apr 2025 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍: പുലിപ്പല്ല് മാല ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടനും ബിജെപി നേതാവുമായ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്നും വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിൻ്റെ ലംഘനമാണിതെന്നും ചൂണ്ടിക്കാട്ടി ഐഎന്‍ടിയുസി യുവജനവിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവുമായ മുഹമ്മദ് ഹാഷിം ആണ് ഡിജെപിക്ക് പരാതി നല്‍കിയത്. നിയമലംഘനം നടന്നത് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

പുലിപ്പല്ല് കൈവശം വച്ചെന്ന കേസില്‍ റാപ്പര്‍ വേടന്‍ ഇന്നലെ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിക്കെതിരെ പരാതി വന്നത്. മൃഗവേട്ടയടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തതിനു പിന്നാലെ വനംവകുപ്പാണ് വേടനെ അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ കോടനാട്ടെ ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് നടപടി.

പുലിപ്പല്ല് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നും ഒറിജിനല്‍ ആണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് വേടന്റെ മൊഴി. ചെന്നൈയിലെ പരിപാടിക്കിടെയാണ് പുലിപ്പല്ല് സമ്മാനമായി ലഭിച്ചതെന്നും ഇന്‍സ്റ്റഗ്രാം വഴിയാണ് രഞ്ജിത് കുമ്പിടിയെ പരിചയമെന്നുമാണ് വേടന്‍ മൊഴി നല്‍കിയത്.
സുരേഷ് ഗോപിക്കെതിരായ പരാതിയിൽ പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Complaint to DGP against Union Minister Suresh Gopi for using tiger tooth necklace