കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിക്ക് ഇന്ന് ഹൈദരാബാദില്‍ തുടക്കം; ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍
|
ഹൈദരാബാദ്: കോണ്‍ഗ്രസിന്റെ ഉന്നത നയരൂപീകരണവേദിയായ പ്രവര്‍ത്തകസമിതിക്ക് ഇന്ന് തെലങ്കാനയില്‍ തുടക്കം. അടുത്തവര്‍ഷം നടക്കുന്ന പൊതുതെരഞ്ഞടുപ്പിലും അഞ്ചു സംസ്ഥാനങ്ങളില്‍ ഈ വര്‍ഷവും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും സ്വീകരിക്കേണ്ട തന്ത്രങ്ങളാണ് സമിതിയുടെ പ്രധാന അജണ്ട. കൂടാതെ ‘ഇന്‍ഡ്യ’ മുന്നണിയുടെ ഭാവിപ്രവര്‍ത്തനങ്ങളും സമിതി ചര്‍ച്ചചെയ്യും. ഹൈദരാബാദിലെ സ്വകാര്യ ഹോട്ടലില്‍ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സമിതിയംഗങ്ങളും ക്ഷണിതാക്കളുള്‍പ്പെടെ 84 പേരാണ് പങ്കെടുക്കുക.
സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഭാരവാഹികളെയും യോഗം നിശ്ചയിച്ചേക്കും. പി.സി.സി അധ്യക്ഷന്മാരും നിയമസഭാ കക്ഷിനേതാക്കളൂം പങ്കെടുക്കുന്ന വിശാല പ്രവര്‍ത്തക സമിതി ഞായറാഴ്ച നടക്കും. ശശി തരൂര്‍, സച്ചിന്‍ പൈലറ്റ് തുടങ്ങിയവരെ ഉള്‍പ്പെടെ ചേര്‍ത്ത് പുനഃസംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ ആദ്യയോഗമാണ് ഉച്ചയ്ക്ക് ഹൈദരാബാദില്‍ ചേരുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന തുടങ്ങി ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്കുളള തന്ത്രമാണ് പ്രധാന ചര്‍ച്ച. വിവിധ സംസ്ഥാനങ്ങളുടെ ചുമതലകള്‍ നേതാക്കള്‍ക്ക് വിഭജിച്ചു നല്‍കും.തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കം ലക്ഷ്യമിട്ടാണ് ഹൈദരാബാദില്‍ തന്നെ പ്രവര്‍ത്തക സമിതി ചേരുന്നത്. ഞാറയാഴ്ച ഹൈദരാബാദില്‍ വന്റാലിയും നടത്തുന്നുണ്ട്. കര്‍ണാടക മാതൃകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന ആറു പദ്ധതികളും റാലിയില്‍ പ്രഖ്യാപിക്കും. തെലങ്കാനയിലെ 119 നിയമസഭാ മണ്ഡലങ്ങളില്‍ നേതാക്കള്‍ നടത്തുന്ന ഗൃഹസന്ദര്‍ശം പരിപാടിയും തിങ്കളാഴ്ച നടക്കും.





