ന്യൂഡൽഹി: മുതിർന്ന നേതാവ് പവൻ ഖേരയെ ഡൽഹി വിമാനത്താവളത്തിൽ വച്ച് അസം പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ സുപ്രിംകോടതിയെ സമീപിച്ച് കോൺഗ്രസ്.
|
രാജ്യസഭാ എംപിയും മുതിർന്ന അഭിഭാഷകനുമായ അഭിഷേക് മനു സിങ്‌വിയാണ് ഇക്കാര്യം കോടതിയിൽ ഉന്നയിച്ചത്. റായ്പൂരിലേക്ക് വിമാനം കയറുന്നതിനിടെ ഖേരയെ അറസ്റ്റ് ചെയ്തതിനെ കുറിച്ച് അദ്ദേഹം കോടതിയെ അറിയിച്ചു. കോൺഗ്രസ് നേതാവിനെതിരെ രജിസ്റ്റർ ചെയ്ത എല്ലാ എഫ്‌ഐആറുകളും ഒരുമിച്ചാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഹരജി ഉടൻ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സമ്മതിച്ചു. ഫെബ്രുവരി 17ന് അദാനി- ഹിൻഡൻബർഗ് വിഷയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദാനിയുമായുള്ള മോദിയുടെ ബന്ധം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെ ഗൗതം ദാസ് മോദി എന്ന് വിളിച്ചിരുന്നു. ഇതിൽ ഖേരയ്‌ക്കെതിരെ ലഖ്‌നൗ, വാരണാസി, അസം എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പാർട്ടിയുടെ പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ നിന്ന് റായ്പൂരിലേക്ക് പോകാനായി വിമാനത്തിൽ കയറിയ പവൻ ഖേരയെ അതിൽ നിന്ന് ഇറക്കിയ ശേഷമായിരുന്നു അറസ്റ്റ്. ഡൽഹിയിൽ ഇൻഡിഗോ വിമാനത്തിൽ നിന്ന് ഇറക്കിച്ച ശേഷമാണ് അസം പൊലീസ് ഖേരയെ അറസ്റ്റ് ചെയ്തത്.
പവൻ ഖേരയ്‌ക്കെതിരെ അസമിലെ ദിമ ഹസാവോ ജില്ലയിലെ ഹഫ്‌ലോങ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഖേരയ്‌ക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് എം.പിമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ഡൽഹി വിമാനത്താവളത്തിൽ ധർണ നടത്തി. ദേശീയ വക്താവ് രൺദീപ് സുർജേവാല ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധിച്ചത്. പ്രതിഷേധത്തിന്റെ പേരിൽ സുർജേവാലയേയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഓഹരി തട്ടിപ്പിൽ അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലായിരുന്നു ഖേരയുടെ വിമർശനം. ഇതിനെതിരെ ബിജെപി രംഗത്തുവരികയും പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. സോണിയാഗാന്ധിയുടെ വസതിക്ക് മുന്നിലുൾപ്പെടെ പ്രതിഷേധിച്ച ബിജെപി പ്രവർത്തകർ പവൻ ഖേരയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.





