|
റായ്പൂർ: 25 വർഷത്തിന് ശേഷം കോൺഗ്രസ് സംഘടിപ്പിക്കുന്ന സമ്പൂർണ പ്ലീനറി സമ്മേളനത്തിന് ഛത്തീസ് ഗഡിലെ റായ്പൂരിൽ ഇന്ന് തുടക്കമാകുമ്പോൾ ഏവരും ഉറ്റുനോക്കുന്നത് പ്രവർത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമോ ഇല്ലയോ എന്നാണ്. തെരഞ്ഞെടുപ്പ് ഉണ്ടാകുമോയെന്ന് രാവിലെ അറിയാം. രാവിലെ 10 ന് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. തെരഞ്ഞെടുപ്പ് വേണ്ട എന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. തെരഞ്ഞെടുപ്പ് നടക്കുന്നുവെങ്കിൽ നടക്കട്ടെയെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്.
കേരളത്തിൽ നിന്നും നിലവിൽ എ കെ ആന്റണി, ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ എന്നിവരാണ് പ്രവർത്തകസമിതിയുള്ളത്. ഇതിൽ കെസി വേണുഗോപാൽ തുടരും. ആന്റണിയും ഉമ്മൻചാണ്ടിയും ഒഴിഞ്ഞേക്കും. ഇവർക്ക് പകരം നിരവധി പേരാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. രമേശ് ചെന്നിത്തല, ശശി തരൂർ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. കൊടിക്കുന്നിൽ സുരേഷും പ്രവർത്തക സമിതി അംഗത്വം ആഗ്രഹിക്കുന്നുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെക്കെതിരേ മത്സരിച്ച തരൂരിനെ അവഗണിക്കാനാകില്ല. ഒരേസമയം വിമത സ്വരം ഉയർത്തിയെങ്കിലും ഗാന്ധികുടുംബത്തോട് നല്ല അടുപ്പം പുലർത്തുന്ന നേതാവാണ് തരൂർ. പ്രവർത്തകസമിതിയിലേക്ക് മത്സരിക്കില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. കേരളത്തിലെ കെ.മുരളീധരൻ അടക്കമുള്ള നേതാക്കൾ അദ്ദേഹത്തെ സമിതിയിലേക്ക് എടുക്കണമെന്ന് ഹൈക്കമാൻഡിനോട് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുമുണ്ട്.
പ്രവർത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നില്ലെങ്കിൽ, അംഗങ്ങളെ നാമനിർദേശം ചെയ്യാൻ പ്രസിഡന്റ് ഖാർഗേയെ ചുമതലപ്പെടുത്തി പ്രമേയം പാസ്സാക്കാനാണ് സാധ്യത. അടുത്ത വർഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ, പ്രതിപക്ഷ സഖ്യം അടക്കമുള്ള നിർണായക തീരുമാനങ്ങൾ സമ്മേളനം കൈക്കൊള്ളും. ഇതുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ യോഗത്തിൽ അവതരിപ്പിക്കപ്പെടും.
കോൺഗ്രസ് ചരിത്രത്തിലെ എൺപത്തിയഞ്ചാമത്ത് പ്ലീനറി സമ്മേളനത്തിനാണ് ഇന്ന് തുടക്കമാവുന്നത്. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പ്ലീനറി സമ്മേളനത്തിൽ പതിനയ്യായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും. 1338 പേർക്കാണ് വോട്ടവകാശമുള്ളത്. കോൺഗ്രസ് ദേശീയ ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ തുടങ്ങിയവരെ സമ്മേളനം തെരഞ്ഞെടുക്കും.
വൈകീട്ട് ചേരുന്ന സബ്ജക്ട് കമ്മിറ്റി, പ്ലീനറിയിൽ അവതരിപ്പിക്കേണ്ട പ്രമേയങ്ങൾക്ക് അംഗീകാരം നൽകും. പ്രതിപക്ഷ സഖ്യം പ്രഖ്യാപിച്ചുള്ള രാഷ്ട്രീയ പ്രമേയമടക്കം നിർണ്ണായക പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും. പ്രവർത്തക സമിതി അംഗബലം കൂട്ടൽ, സമിതികളിൽ 50% യുവാക്കൾക്കും, പിന്നാക്ക വിഭാഗങ്ങൾക്കും സംവരണ മടക്കം നിർണ്ണായക ഭരണഘടന ഭേദഗതികൾക്കും സാധ്യതയുണ്ട്.
അടുത്തവർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കി നിർത്തുകയും അതിന് മുമ്പ് രാജസ്ഥാൻ, ഛത്തിസ്ഗഡ്, കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുകയുമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഛത്തിസ്ഗഡിലും രാജസ്ഥാനിലും പാർട്ടി അധികാരത്തിലും മറ്റുരണ്ടിടത്തും പാർട്ടി മുഖ്യപ്രതിപക്ഷകക്ഷിയുമാണ്. നാലുസംസ്ഥാനവും ബി.ജെ.പിയും കോൺഗ്രസും നേരിട്ടേറ്റുമുട്ടുന്നവയുമാണ്.





