ന്യൂഡൽഹി: കള്ളൻമാർക്കെല്ലാം മോദി എന്നാണല്ലോ പേരെന്ന പരാമർശത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവിന്റെ ഭാവിയെകുറിച്ച് അനിശ്ചിതത്വം. പ്രതിപക്ഷത്തിന്റെ മുഖമായ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുന്നതിന് ലോക്‌സഭാ സ്പീക്കർ ഓംബിർള നിയമോപദേശം തേടി. കോടതി ഉത്തരവ് സ്പീക്കർ വിലയിരുത്തുകയാണ്. രാഹുലിനെ അയോഗ്യനാക്കണമെന്ന് സ്പീക്കർക്ക് ബി.ജെ.പിയുടെ പരാതി ലഭിച്ചതോടെയാണ് നടപടി. അഭിഭാഷകൻ വിനീത് ജിൻഡാലാണ് പരാതി നൽകിയത്.
|
അതേസമയം കോടതി വിധിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. വിഷയം എങ്ങിനെ നേരിടണമെന്ന് ആലോചിക്കാൻ രാവിലെ പാർലമെൻറിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. അതിന് ശേഷം പാർട്ടിയും അടിയന്തര യോഗം ചേരും. സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ, പി.സി.സി അധ്യക്ഷന്മാർ തുടങ്ങിയവരാകും വൈകീട്ട് അഞ്ചുമണിക്ക് നടക്കുന്ന യോഗത്തിൽ പങ്കെടുക്കുക.
മാനനഷ്ടക്കേസിൽ സൂറത്തിലെ കോടതി ഇന്നലെയാണ് രാഹുൽ ഗാന്ധിയ്ക്ക് രണ്ടുവർഷം തടവ് ശിക്ഷ വിധിച്ചത്. മാനനഷ്ടക്കേസിൽ നൽകാവുന്ന പരമാവധി ശിക്ഷയാണ് കോടതി വധിച്ചത്. എന്നാൽ ജാമ്യം ലഭിച്ച രാഹുലിന് അപ്പീൽ നൽകാനായി 30 ദിവസത്തെ സാവകാശം കോടതി അനുവദിച്ചിട്ടുണ്ട്.
നാല് വർഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച്എച്ച് വർമ്മ ശിക്ഷ വിധിച്ചത്.
2019ൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ കർണാടകയിലെ കോലാറിൽ വച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി. മോദി സമുദായത്തെ ആകെ അപമാനിക്കുന്നതാണ് പരാമർശമെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംഎൽഎയും മുൻമന്ത്രിയുമായ പൂർണേഷ് മോദിയാണ് പരാതി നൽകിയത്. കോടതിയിലെത്തിയപ്പോൾ മാപ്പ് പറഞ്ഞ് കേസ് തീർക്കാൻ രാഹുലും തയ്യാറായില്ല. നിയമ നിർമ്മാണ സഭയിലെ അംഗം തന്നെയാണ് നിയമലംഘനം നടത്തിയതെന്നും പരമാവധി ശിക്ഷ നൽകണമെന്നുമുള്ള ആവശ്യമാണ് ശിക്ഷാ വിധിക്ക് മുന്നോടിയായുള്ള വാദത്തിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ, പരാതിക്കാരനെയല്ല ലക്ഷ്യംവച്ചതെന്നും മോദിയെയാണെന്നുമായിരുന്നു രാഹുലിന്റെ വാദം. ഇത് കോടതി അംഗീകരിച്ചില്ല.
വിധി ഹൈക്കോടതി സ്റ്റേ ചെയ്തിട്ടില്ലെങ്കിൽ ജനപ്രാതിനിധ്യ നിയമപ്രകാരം രാഹുൽ പാർലമെന്റ് അംഗമെന്ന നിലയിൽ അയോഗ്യനാക്കപ്പെടുമെന്നാണ് നിയമ വിദഗ്ധർ പറയുന്നത്. 1951-ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 8(3) പ്രകാരം ഒരു പാർലമെന്റ് അംഗം ഏതെങ്കിലും കുറ്റത്തിൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും ശിക്ഷിക്കപ്പെട്ടാൽ അവരുടെ എംപി സ്ഥാനം നഷ്ടമാകും. കേസിൽ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി 2024 ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ഏറെ നിർണായകമായിരിക്കും. സൂറത്ത് കോടതിയുടെ വിധി ഏതെങ്കിലും മേൽക്കോടതി റദ്ദാക്കിയില്ലെങ്കിൽ അടുത്ത എട്ട് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യതയും രാഹുൽ ഗാന്ധിക്ക് നഷ്ടമാകും.





