കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിൽ പ്രതി ഡൊമിനിക് മാർട്ടിനെ കോടതി റിമാൻഡ് ചെയ്തു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ നവംബർ 29 വരെയാണ് റിമാൻഡ് ചെയ്തത്. പ്രതിക്കെതിരായ ആരോപണം ഗുരുതരമെന്ന് കോടതി നിരീക്ഷിച്ചു. മാർട്ടിനെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. മാർട്ടിന്റെ തിരിച്ചറിയൽ പരേഡിനും കോടതി അനുമതി നൽകി.
|
കേസിൽ സ്വയം വാദം നടത്തുമെന്നും സ്വന്തം ശബ്ദത്തിൽ സംസാരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പ്രതി മാർട്ടിൻ കോടതിയോട് പറഞ്ഞു. ഡൊമിനിക്കിന് വേണ്ടി ലീഗൽ സർവീസസ് അതോറിറ്റിയിൽ നിന്നുളള അഭിഭാഷകർ ഹാജരായിരുന്നുവെങ്കിലും വേണ്ടെന്ന് പ്രതി കോടതിയെ അറിയിക്കുകയായിരുന്നു. അത്താണിയിലെ അപ്പാർട്ട്മെന്റിൽ പ്രതിയുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെ പ്രതി മാർട്ടിനുമായി നടത്തിയ തെളിവെടുപ്പിൽ നിർണായക തെളിവുകൾ കണ്ടെത്തിയതായാണ് വിവരം.
ഐഇഡി നിർമിക്കാൻ ഉപയോഗിച്ച ബാറ്ററി, വയർ എന്നിവയാണ് കണ്ടെത്തിയത്. ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയും നടത്തി. അതേസമയം, ഡൊമിനിക് മാർട്ടിൻ സ്ഫോടനത്തിന് പദ്ധതിയിട്ട വിവരം മറ്റൊരാൾക്ക് കൂടി അറിവ് ഉണ്ടായിരുന്നതായി സൂചനയുണ്ട്. പ്രതി മാർട്ടിന്റെ ഭാര്യ നൽകിയ മൊഴിയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഭാര്യയുടെ മൊഴി തമ്മനത്തെ വീട്ടിലെത്തി വീണ്ടും പൊലീസ് രേഖപ്പെടുത്തി.
കളമശ്ശേരി സ്ഫോടന കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന പൊലീസ് പരിശോധനകൾക്കിടയിലാണ് പ്രതി ഡൊമിനിക് മാർട്ടിന്റെ ഭാര്യയുടെ നിർണായക മൊഴി. സംഭവത്തിന്റെ തലേ ദിവസം ഡൊമിനിക് മാർട്ടിന്റെ ഫോണിലേക്ക് ഒരു കോൾ വന്നെന്നും ഇതിനു പിന്നാലെ ഇയാൾ അസ്വസ്ഥനായെന്നും ഭാര്യ പൊലീസിന് മൊഴി നൽകി. ആരാണെന്ന് വിളിച്ചതെന്ന് തുടർച്ചയായി ചോദിച്ചപ്പോൾ ക്ഷോഭിച്ചു.
നാളെ ഒരിടംവരെ പോകാനുണ്ടെന്നും അതിനു ശേഷം ബാക്കി കാര്യങ്ങൾ പറയാമെന്നു പ്രതി പറഞ്ഞിരുന്നതായി ഭാര്യ മൊഴി നൽകി. ഡൊമിനിക്കിനെ ഫോണിൽ വിളിച്ചയാൾക്ക് സ്ഫോടനത്തെ കുറിച്ച് അറിവുണ്ടെന്ന സംശയത്തിലാണ് പൊലീസ്. അതിനാൽ ഈ ഫോൺ കോളിനെ കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. തനിക്ക് മാത്രമാണ് കുറ്റകൃത്യത്തിൽ പങ്കുള്ളതെന്നാണ് പ്രതി ആവർത്തിക്കുന്നത്. എന്നാൽ ഇത് വിശ്വാസത്തിൽ എടുക്കാതെയാണ് അന്വേഷണം തുടരുന്നത്.
യഹോവയുടെ സാക്ഷികൾ സംഘടനയുടെ പ്രവർത്തനങ്ങളോടുള്ള വിയോജിപ്പാണ് സ്ഫോടനത്തിന് പിന്നിലെ കാരണമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഇക്കാര്യത്തിലും വ്യക്തത വരുത്തേണ്ടത് ഉണ്ടെന്നാണ് കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പറയുന്നത്.
ഞായറാഴ്ച രാവിലെ 9.40ഓടെയായിരുന്നു കളമശ്ശേരിയിലെ യഹോവയുടെ സാക്ഷികളുടെ മേഖലാ സമ്മേളനത്തിനിടെ സ്ഫോടനങ്ങളുണ്ടായത്. 2,400 പേരാണ് ഈ സമയം ഹാളിലുണ്ടായിരുന്നത്. ഇരിപ്പിടങ്ങൾക്കടിയിലായി മൂന്നിടത്തായാണ് മാർട്ടിൻ സ്ഫോടകവസ്തു ഒളിപ്പിച്ചിരുന്നത്. രണ്ട് സ്ത്രീകളും 12 വയസുള്ള പെൺകുട്ടിയുമാണ് മരിച്ചത്.
സഭയുടെ നിലപാടുകൾ തിരുത്താത്തതിലുള്ള പകയാണ് ആക്രമണം നടത്താൻ കാരണമെന്നാണ് മാർട്ടിന്റെ മൊഴി. സ്ഫോടനത്തിനു പിന്നാലെ ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് മാർട്ടിൻ സ്ഫോടനം നടത്തിയത് താനാണെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് തൃശൂരിലെ കൊടകര സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.





