08
Nov 2023
Tue
08 Nov 2023 Tue

ഇങ്ങനെയുമുണ്ട് ആചാരം: പശുവിന്റെ ചവിട്ടേറ്റാല്‍ പുണ്യവും ഭാഗ്യവും കിട്ടും; ചവിട്ടേല്‍ക്കാന്‍ കാത്തുനില്‍ക്കുന്ന നാട്ടുകാര്‍.. അറിയാം ഈ ആചാരത്തെ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭോപ്പാല്‍: പശുവിനെ ആലിംഗനം ചെയ്താല്‍ മാത്രമല്ല പുണ്യവും ഭാഗ്യവും കിട്ടുക. ചവിട്ടും സന്തോഷം തന്നെ. പശുവിന്റെ ചവിട്ട് പുണ്യമാണെന്ന് വിശ്വസിച്ച് കാലടികളില്‍ കാത്തു കിടക്കുന്ന ഒരുകൂട്ടം ആളുകളുണ്ട്. മധ്യപ്രദേശിലെ ബീഡാവാഡ് എന്ന ഗ്രാമത്തിലാണ് ഈ വിചിത്ര ആചാരം. ഉജ്ജയിനിന് അടുത്തുള്ള ഗ്രാമമായ ബീഡാവാഡില്‍ ഗ്രാമവാസികള്‍ ഏറെ ആഘോഷത്തോടെയാണ് പശുവിന്റെ ചവിട്ടേല്‍ക്കുന്ന ചടങ്ങ് നടത്താറ്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമാണ് ഈ ആചാരം. ദീപാവലി കഴിഞ്ഞ് രണ്ടാമത്തെ ദിവസം ഗ്രാമീണര്‍ പശുവിന്റെ ചവിട്ടേല്‍ക്കാന്‍ എത്തും. ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം രാത്രി മുഴുവന്‍ ഇവര്‍ ചവിട്ടു കിട്ടാനുള്ള ഊഴത്തിനായി കാത്തിരിക്കും. നൂറു കണക്കിന് പശുക്കളെയാണത്രെ ചവിട്ടാനായി ക്ഷേത്രങ്ങളില്‍ എത്തിക്കുന്നത്.

‘ഗോമാതാവ്’ അവരുടെ ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. വിശ്വാസപ്രകാരം മുപ്പതു കോടി ദൈവങ്ങള്‍ ഗോമാതാവിലുണ്ട്. പശു ആളുകളുടെ ദേഹത്തിലൂടെ ഓടുമ്പോള്‍ ഈ മുപ്പതുകോടി ദൈവങ്ങളുടെ അനുഗ്രഹം ലഭിക്കുമെന്ന് ഗ്രാമീണര്‍ വിശ്വസിക്കുന്നു.

നൂറുകണക്കിന് പശുക്കളെ അഴിച്ചുവിട്ട് ഗ്രാമവാസികള്‍ നിലത്തുകിടക്കും, പശുക്കള്‍ ഇവരുടെ പുറത്തുകൂടി ചവിട്ടിപ്പോകും. അപകടം പറ്റാന്‍ സാധ്യതയില്ലേ എന്നുചോദിച്ചാല്‍ ഇവര്‍ പറയും ഗോമാതാവ് അപകടം വരുത്തില്ല, ഭാഗ്യം മാത്രമേ നല്‍കൂ എന്ന്. അബദ്ധത്തില്‍ മുറിവ് പറ്റിയാല്‍ ഗോമൂത്രവും ചാണകവുമാണ് ഇവര്‍ മുറിവില്‍ പുരട്ടുന്നത്. ഗായ്ഗൗരി എന്നാണ് ഈ ആഘോഷത്തിന്റെ പേര്. പശുവിന്റെ കൊമ്പുകളില്‍ ചായംതേച്ച് കുടമണികെട്ടി മനോഹരമാക്കുന്നു. അതോടൊപ്പം കൊട്ടുകുഴലും വാദ്യമേളങ്ങളുടെ അകമ്പടിയുമായിട്ടാണ് പശുവിനെ തുറന്നുവിടുന്നതും ഗായ്ഗൗരി ആഘോഷിക്കുന്നതും.

പണ്ടുകാലത്ത് ഗ്രാമത്തിലുള്ള ഒരാള്‍ മകനെ ലഭിക്കാനായി പ്രാര്‍ഥിക്കുകയും അയാളുടെ ആഗ്രഹം സഫലമാകുകയും ചെയ്തതോടെയാണ് ഈ ആഘോഷം ആരംഭിച്ചതെന്നാണ് ഇവരുടെ വിശ്വാസം. ബീഡാവാഡ് ഗ്രാമത്തിനടുത്തുള്ള ജബുവാ ജില്ലയിലും ഇത് ആഘോഷിക്കാറുണ്ട്. ചാണകം കൊണ്ടുള്ള ഗോവര്‍ദ്ധനപര്‍വതവും ദീപാവലികാലത്ത് ഇവിടെ നിര്‍മിക്കാറുണ്ട്. ഇത്രയും കാലം പശുക്കളുടെ ചവിട്ടേറ്റിട്ടും ആര്‍ക്കും ഒരു പരിക്കും ഏറ്റിട്ടില്ലെന്ന് ഗ്രാമവാസികള്‍ പറയുന്നു.


 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക