ഏകദിനത്തില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഡേവിഡ് വാര്‍ണര്‍; പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇനി ‘വാര്‍ണര്‍ ഷോ’ ഉണ്ടാകില്ല
|
സിഡ്‌നി: ഓസ്‌ട്രേലിയയുടെ എക്കാലത്തെയും സൂപ്പര്‍താരങ്ങളിലൊരാളായ ഡേവിഡ് വാര്‍ണര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഏകദിനത്തില്‍ നിന്നും പാഡഴിക്കാന്‍ 37 കാരനായ ഓസീസ് താരം തീരുമാനിച്ചത്. എന്നാല്‍ വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ തന്റെ സേവനം ആവശ്യപ്പെടുകയാണെങ്കില്‍ കളിക്കാന്‍ തയാറാകുമെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയയുടെ കിരീടനേട്ടത്തില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാനാണ് താന്‍ ഇനി ആഗ്രഹിക്കുന്നതെന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് സിഡ്‌നിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വാര്‍ണര്‍ പറഞ്ഞു.
പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ടെസ്റ്റില്‍ നിന്നും വിരമിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പരമ്പരയിലെ അവസാന മത്സരം ബുധനാഴ്ച സിഡ്‌നിയില്‍ ആരംഭിക്കും. ഇതിനിടെയാണ് ഏകദിനവും അവസാനിപ്പിക്കുകയാണെന്ന തീരുമാനം എടുത്തത്.
161 ഏകദിനങ്ങള്‍ കളിച്ച ഡേവിഡ് വാര്‍ണര്‍ 45.30 ശരാശരിയില്‍ 22 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 6932 റണ്‍സെടുത്തിട്ടുണ്ട്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ആറാമത്തെ ആസ്‌ട്രേലിയന്‍ താരമാണ് വാര്‍ണര്‍. കൂടുതല്‍ സെഞ്ച്വറി നേടിയ രണ്ടാമത്തെ ഒസീസ് താരവുമാണ്. റിക്കിപോണ്ടിങ്ങാണ് ഇക്കാര്യത്തില്‍ വാര്‍ണര്‍ക്ക് മുന്നിലുള്ളത്. 2015ലും 2023 ലും ഉള്‍പ്പെടെ രണ്ട് ലോകകപ്പ് കിരീടങ്ങളുടെയും ഭാഗമായി. 2023 ലോകകപ്പില്‍ 11 മത്സരങ്ങളില്‍ നിന്ന് 48.63 ശരാശരിയില്‍ 535 റണ്‍സ് നേടിയ വാര്‍ണറായിരുന്നു ആസ്‌ട്രേലിയക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്.
111 ടെസ്റ്റുകളില്‍ നിന്നായി 44.58 ശരാശരിയില്‍ 8695 റണ്‍സ് നേടിയ വാര്‍ണര്‍ 26 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന അഞ്ചാമാത്തെ ആസ്‌ട്രേലിയന്‍ താരവുമാണ് വാര്‍ണര്‍.
ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കുന്നില്ലെങ്കില്‍ 2023 ലോകകപ്പിലെ ഇന്ത്യയുമായുള്ള ഫൈനല്‍ മത്സരമായിരിക്കും ഡേവിഡ് വാര്‍ണറുടെ കരിയറിലെ അവസാന ഏകദിനം.
David Warner has announced his retirement from one-day international cricket in the lead-up to his final Test match. The veteran opener said the time was right to conclude his ODI career following Australia’s 2023 World Cup triumph in India, where he was the side’s leading run-scorer.


