ലഖ്‌നൗ: ആതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകം വാര്‍ത്തകളില്‍നിറഞ്ഞുനില്‍ക്കെ ഉത്തര്‍പ്രദേശില്‍ വീണ്ടും വെടിവയ്പ്പ്. ജലൗണിലെ കോഡ്ര മോഡില്‍ ബിരുദ വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ നടുറോഡില്‍ വച്ചു വെടിവച്ചു കൊലപ്പെടുത്തി. രാംലഖന്‍ കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി റോഷ്‌നി അഹിര്‍വാര്‍ (21) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയോടെ അസൈന്‍മെന്റുകള്‍ സമര്‍പ്പിക്കാനായി കോളജില്‍ എത്തിയ പെണ്‍കുട്ടിയെ ബൈക്കില്‍ എത്തിയ രണ്ടുയുവാക്കളാണ് വെടിവച്ചത്. ജലൗനിലെ ലോക്കല്‍ പൊലിസ് സ്റ്റേഷന്റെ 200 മീറ്റര്‍ മാത്രം അകലെയാണ് സംഭവം. ആക്രമണത്തെത്തുടര്‍ന്ന് തോക്ക് ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടെങ്കിലും ഇതില്‍ രാജ് അഹിര്‍വാര്‍ എന്നയാളെ പിടികൂടി. ഇയാളെ ചോദ്യംചെയ്തുവരികയാണ്.
ആതിഖിന്റെ കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നിരോധനാജ്ഞ നിലനില്‍ക്കെയാണ് സംഭവം. എസ്.പി അടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. രക്ഷപ്പെട്ട രണ്ടാമത്തെ പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി.
|
പെണ്‍കുട്ടിയുടെ മൃതദേഹം രക്തം വാര്‍ന്നനിലയില്‍ ഏറെ നേരം റോഡില്‍ കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനപാലനത്തെ കുറിച്ച് വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കെയുണ്ടായ പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷകക്ഷികള്‍ രംഗത്തുവന്നിട്ടുണ്ട്.


