പത്തനംതിട്ടയിൽ ആളുമാറി സംസ്കരിച്ച മൃതദേഹം പുറത്തെടുത്തു. റാന്നി തഹസിൽദാറുടെ നേതൃത്വത്തിലായിരുന്നു നടപടി. രണ്ട് ദിവസം മൃതദേഹം പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കും. തുടർന്നു പൊലീസ് പത്രപരസ്യം നൽകും. ബന്ധുക്കൾ എത്തിയില്ലെങ്കിൽ ഡിഎൻഎ സാംപിളുകൾ ശേഖരിച്ച ശേഷം മൃതദേഹം പൊതുശ്മശനത്തിൽ മറവുചെയ്യും.
|
കഴിഞ്ഞ ഡിസംബർ 30നാണ് നിലയ്ക്കലിനും ഇലവുങ്കലിനും മധ്യേ വനത്തിനുള്ളിൽ ആര്യാട്ടുകവലയിൽ റോഡരികിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. എന്നാലിത് മഞ്ഞത്തോട് ആദിവാസി കോളനിയിൽ രാമൻ ബാബു(75)വിൻറേതാണെന്നു തെറ്റിദ്ധരിച്ച് കുടുംബം ഏറ്റുവാങ്ങുകയും പോസ്റ്റ്മോർട്ടത്തിനു ശേശം സംസ്കരിക്കുകയുമായിരുന്നു.
സംസ്കാരം കഴിഞ്ഞ് ആറുദിവസത്തിനുശേഷം രാമൻ ബാബു ബന്ധുവിനൊപ്പം വീട്ടിൽ മടങ്ങിവന്നതോടെയാണ് വിവരം പുറത്തറിയുന്നത്. ഏഴ് മക്കളാണ് രാമൻ ബാബുവിനുള്ളത്. ഇവർ ഏവരും വനത്തിൽ നിന്നു കിട്ടിയ മൃതദേഹം അച്ഛൻറേതാണെന്നു സ്ഥിരീകരിക്കുകയും പോലീസ് നടപടികൾ പൂർത്തിയാക്കി മണത്തറ മഞ്ഞത്തോട് കോളനിയിലെത്തി സംസ്കരിക്കുകയും ചെയ്തു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഇനി മരിച്ചയാൾ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





