
ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഒഎംഎ സലാമിന്റെ ഇടക്കാല ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി.(Delhi HC denies interim bail application of Popular Front leader OMA salam) മകളുടെ വിയോഗത്തെ തുടര്‍ന്ന് വിഷാദത്തിലായ ഭാര്യയ്ക്ക് തന്റെ സാന്നിധ്യം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ നല്‍കിയത്.
![]() |
|
ഒഎംഎ സലാം സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യം നല്‍കുന്നത് സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ പ്രതിഭ എം സിങ്, അമിത് ശര്‍മ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അപേക്ഷ തള്ളിയത്. നിലവിലുള്ള കേസ് ഇടക്കാല ജാമ്യത്തിന് അര്‍ഹമല്ലെന്നും കോടതി വ്യക്തമാക്കി.
നേരത്തേ ഇടക്കാല ജാമ്യാപേക്ഷ വിചാരണ കോടതി തള്ളിയിരുന്നു. പോപുലര്‍ ഫ്രണ്ട് നിരോധനത്തിന് മുന്നോടിയായി അറസ്റ്റിലായ ഒഎംഎ സലാമിനെതിരേ യുഎപിഎ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2022 സപ്തംബറിലാണ് അദ്ദേഹം അറസ്റ്റിലായത്.
മകള്‍ ഏപ്രിലില്‍ മരിച്ചെന്നും ഭാര്യ ഇപ്പോള്‍ വിഷാദാവസ്ഥയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് സലാം രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം തേടിയത്. വയനാട്ടിലുണ്ടായ വാഹന അപകടത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയായിരുന്ന മകള്‍ മരിച്ചത്.
ഒഎംഎ സലാമിനൊപ്പം 11 സംസ്ഥാനങ്ങളിലെ പോപുലര്‍ ഫ്രണ്ടിന്റെ നിരവധി സംസ്ഥാന ദേശീയ നേതാക്കളെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ് നാട്, അസം, ഉത്തര്‍ പ്രദേശ്, ആന്ധ്ര പ്രദേശ്, മധ്യ പ്രദേശ്, പുതുച്ചേരി, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് അറസ്റ്റ് നടന്നത്. 2022 സപ്തംബര്‍ 28ന് ആണ് യുഎപിഎ പ്രകാരം സംഘടനയെ നിരോധിച്ചത്.