30
Nov 2023
Mon
30 Nov 2023 Mon

മംഗളൂരു: എം.ബി.ബി.എസ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കി. അമിത വണ്ണത്തെത്തുടര്‍ന്നുള്ള മാനസിക വിഷമവും നിരാശയും കാരണമാണ് ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയായ പ്രകൃതി ഷെട്ടി (20) ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. തിങ്കളാഴ്ച രാവിലെയാണ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബെലഗാവി ജില്ലയിലെ അത്താനി സ്വദേശിനിയാണ് പ്രകൃതി. അമിത വണ്ണം കുറക്കാനുള്ള ശ്രമങ്ങള്‍ ലക്ഷ്യത്തിലെത്താതായതോടെ വിദ്യാര്‍ഥിനി ഏറെ മാനസിക വിഷമത്തിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യ കുറിപ്പിലും ഇതുസംബന്ധിച്ച സൂചനകളാണുള്ളത്. ജീവിതം ഏറെ നിരര്‍ഥകമായി അനുഭവപ്പെടുന്നുവെന്നും അതിനാലാണ് ഈ കടുംകൈ ചെയ്യുന്നതെന്നും കുറിപ്പിലുണ്ട്. സ്വകാര്യ മെഡിക്കല്‍ കോളജിലെ ഹോസ്റ്റലിന്റെ ആറാം നിലയില്‍നിന്നാണ് ചാടി മരിച്ചത്.

‘എം.ബി.ബി.എസ് കോഴ്‌സ് പൂര്‍ത്തിയാക്കണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, എന്റെ അമിതവണ്ണം എല്ലാറ്റിനും വിലങ്ങുതടിയായി. തടി കുറക്കാനുള്ള ശ്രമങ്ങളെല്ലാം വൃഥാവിലാവുകയാണ്. അതേതുടര്‍ന്നുള്ള വിഷാദമാണ് എന്നെ ഇതിനു പ്രേരിപ്പിക്കുന്നത്’ -ആത്മഹത്യ കുറിപ്പില്‍ വിദ്യാര്‍ഥിനി എഴുതി. മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്.