17
Jul 2025
Wed
17 Jul 2025 Wed
Dharmasthala mass burial

കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ ബെല്‍ത്തങ്ങാടി താലൂക്കിലെ ക്ഷേത്ര നഗരിയായ ധര്‍മസ്ഥല ദുരൂഹതകളുടെ ചുരുളഴിക്കുകയാണ്. ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട നൂറിലധികം സ്ത്രീകളുടേയും കുട്ടികളുടേയും മൃതദേഹങ്ങള്‍ താന്‍ കുഴിച്ചിട്ടെന്ന മുന്‍ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിലേക്കാണ് എല്ലാ കണ്ണുകളും. മണ്ണ് നീക്കിയുള്ള പരിശോധനയില്‍ ആ വെളിപ്പെടുത്തലിലെ സത്യമെത്രയുണ്ടെന്ന് തെളിയുമെന്ന് ഉറ്റുനോക്കുകയാണ് രാജ്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തുവര്‍ഷം മുമ്പ് സ്ത്രീകളുടെ മൃതദേഹം കുഴിച്ചിട്ടതായി സാക്ഷി കാട്ടിക്കൊടുത്ത നേത്രാവതിക്കരയിലെ സ്നാനഘട്ടില്‍ കുഴിക്കല്‍ തുടങ്ങി. ഇന്നലെ ഉച്ചവരെ 10 തൊഴിലാളികള്‍ നടത്തിയ കുഴിക്കല്‍ കനത്ത മഴയായതിനാല്‍ നിര്‍ത്തി. പിന്നീട് ചെറിയ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് കുഴിച്ചു. ആദ്യ ഇടത്ത് നാലടി വരെ കുഴിച്ചെങ്കിലും ഒന്നും കിട്ടിയില്ല. മൊത്തം 15 ഇടത്താണ് പ്രത്യേക അന്വേഷക സംഘം അടയാളപ്പെടുത്തിയത്. ഇന്നും കുഴിക്കല്‍ തുടരും.

പുത്തൂര്‍ അസിസ്റ്റന്റ് കമീഷണര്‍ സ്റ്റെല്ല വര്‍ഗീസിന്റെ നിര്‍ദേശപ്രകാരമാണ് 10 തൊഴിലാളികളെ ആയുധങ്ങളുമായി കുഴിക്കാന്‍ എത്തിച്ചത്. ഉഡുപ്പി ഫോറന്‍സിക് സംഘവും സാക്ഷിയും കനത്ത പൊലീസ് സുരക്ഷയിലാണ് സ്നാനഘട്ടില്‍ എത്തിയത്. വെള്ളം കയറിയപ്പോഴും സ്നാനഘട്ടിന്റെ പാര്‍ക്കിങ് ഏരിയക്കായി നിര്‍മാണം നടത്തിയപ്പോഴും തെളിവുകള്‍ നശിച്ചിരിക്കാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ALSO READ: ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; നാല് കലക്ടർമാരെ മാറ്റി; ഉത്തരവിറക്കിയത് അര്‍ധരാത്രി

മൃതദേഹം കുഴിച്ചിട്ടെന്ന സാക്ഷി പറയുന്ന ആദ്യ എട്ട് സ്ഥലങ്ങള്‍ നേത്രാവതി സ്നാനഘട്ടില്‍ത്തന്നെയാണ്. നാലുസ്ഥലം നദിയുടെ തീരത്തുകൂടി പോകുന്ന ദേശീയപാതയ്ക്ക് തൊട്ടരികിലും. പതിമൂന്നാം സ്ഥലം നേത്രാവതിക്കും ആജുകുരിക്കും ഇടയിലുള്ള റോഡരികിലാണ്. കന്യാടി വനമേഖലയിലാണ് ബാക്കി രണ്ടിടങ്ങള്‍.

അതിനിടെ, പത്മലത, സൗജന്യ, വേദവല്ലി, യമുന എന്നിവരുടെ കൊലപാതകം എസ്എടി പ്രത്യേകമായി അന്വേഷിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ മംഗളൂരുവില്‍ നടത്തിയ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

പരാതിക്ക് പിന്നില്‍ കേരളമെന്ന് ബിജെപി

ധര്‍മസ്ഥലയില്‍ ഇപ്പോഴുയര്‍ന്ന വെളിപ്പെടുത്തലിന് പിന്നില്‍ കേരള സര്‍ക്കാരാണെന്ന വിചിത്രവാദവുമായി കര്‍ണാടകത്തിലെ ബിജെപി എംഎല്‍എയും പ്രതിപക്ഷ നേതാവുമായ ആര്‍ അശോക. പരാതിക്കാരന്‍ മുസ്ലിമാണ്. ധര്‍മസ്ഥല ക്ഷേത്രത്തിനെതിരെ വരുന്ന മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നില്‍ അദൃശ്യകരങ്ങളുണ്ടെന്നും അദ്ദേഹം മൈസൂരുവില്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍, വെളിപ്പെടുത്തല്‍ നടത്തിയ വ്യക്തി പട്ടികജാതി വിഭാഗക്കാരനായ ഹിന്ദുവാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞു. 2018ലെ സാക്ഷി സംരക്ഷണ ചട്ടപ്രകാരം വിലാസം വെളിപ്പെടുത്താനാകില്ലെന്നും അവര്‍ പറഞ്ഞു.

ALSO WATCH

സൂപ്പര്‍വൈസറുടെ ഭീഷണിക്കു വഴങ്ങി നൂറുകണക്കിനു മൃതദേഹങ്ങള്‍ സംസ്‌കരിക്കേണ്ടിവന്നെന്നും, ഇതില്‍ പലതും ക്രൂരബലാല്‍സംഗത്തിനു ശേഷം കൊലപ്പെടുത്തിയ സ്ത്രീകളുടേതും കുട്ടികളുടേതുമായിരുന്നെന്നായിരുന്നു ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍. തന്റെ ജീവനും അപകടത്തിലാണെന്ന് ഭയന്നാണു 2014ല്‍ ജോലി വിട്ടതെന്നും ശുചീകരണത്തൊഴിലാളി വിശദീകരിച്ചു.

കുറ്റബോധത്തില്‍ ഉറങ്ങാന്‍ പോലും കഴിയാത്തതിനാലാണ് ഇപ്പോള്‍ പരസ്യമായി പറയുന്നതെന്നും ഇയാള്‍ പറഞ്ഞുവച്ചു.