20
May 2024
Fri
20 May 2024 Fri

ഗസ്സ: ഫലസ്തീനില്‍ വെടിനിര്‍ത്തല്‍ ആഹ്വാനങ്ങള്‍ അവഗണിച്ച് ഇസ്രായേല്‍ കടന്നാക്രമണം തുടരുന്നതിനിടെ, സയണിസ്റ്റ് രാജ്യത്തിന്റെ മറ്റൊരു കൊടും ക്രൂരത കൂടി പുറത്ത്. ഇസ്രായേല്‍ ക്രൂരതവെളിപ്പെടുത്തുന്നതാണ് ഗസ്സയിലെ അല്‍ ശിഫ ആശുപത്രിയില്‍ കണ്ടെത്തിയ പുതിയ കുഴിമാടം. ആശുപത്രി കോമ്പൗണ്ടില്‍ കണ്ടെത്തുന്ന മൂന്നാമത്തെ കൂട്ടക്കുഴിമാടമാണിത്. 49 മൃതദേഹമാണ് ഇവിടെയുണ്ടായിരുന്നത്. തലയറുത്ത് മാറ്റിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഫലസ്തീനില്‍ ഇസ്രായേല്‍ കടന്നുകയറ്റം തുടങ്ങിയ ഒക്ടോബര്‍ ഏഴിന് ശേഷം ഗസയില്‍ കണ്ടെത്തുന്ന ഏഴാമത്തെ കൂട്ടക്കുഴിമാടമാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആശുപത്രിയിലേക്ക് ഇരച്ചുകയിയ സൈന്യം രോഗികളെയുള്‍പ്പെടെ കൂട്ടക്കൊലചെയ്തതായി അന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത്തരത്തില്‍ കൊലപ്പെടുത്തിയവരെ കുഴിച്ചിടുകയായിരുന്നുവെന്നാണ് വിലയിരുത്തല്‍. ഫലസ്തീനികളോടുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂരതയുടെ കൂടുതല്‍ തെളിവാണ് പുതിയ കൂട്ടക്കുഴിമാടമെന്ന് ഹമാസ് പറഞ്ഞു.

ആശുപത്രിജീവനക്കാര്‍, രോഗികള്‍, കുടിയിറക്കപ്പെട്ടവര്‍, സാധാരണക്കാര്‍, കുട്ടികള്‍ എന്നിവരാണ് കൊലപ്പെട്ടവരിലേറെയും. ഗസ്സയിലെ ആശുപത്രികളില്‍ കണ്ടെത്തിയ ഏഴ് കൂട്ടക്കുഴിമാടത്തില്‍ നിന്ന് ഇതുവരെ 520 മൃതദേഹങ്ങളെങ്കിലും പുറത്തെടുത്തതായാണ് കണക്ക്.

അതിനിടെ ഫലസ്തീന്‍ ജനതക്ക് മരുന്നും ഭക്ഷണവും വിദ്യാഭ്യാസവുമടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന യു.എന്‍.ആര്‍.ഡബ്ല്യു.എക്ക് ധനസഹായം നല്‍കുന്നത് പുനസ്ഥാപിക്കുമെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ്. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ യു.എന്‍.ആര്‍.ഡബ്ല്യു.എ ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന ഇസ്രായേലിന്റെ വ്യാജ ആരോപണത്തെ തുടര്‍ന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ധനസഹായം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, ഈ ആരോപണം കള്ളമാണെന്ന് മുന്‍ ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിന്‍ കൊളോണയുടെ നേതൃത്വത്തില്‍ നടത്തിയ സ്വതന്ത്ര അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണ് സഹായവിതരണം പുനരാരംഭിക്കാന്‍ സ്വിസ് ഭരണകൂടം തീരുമാനിച്ചത്. ആസ്‌ട്രേലിയ, കാനഡ, സ്വീഡന്‍, ജപ്പാന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ സഹായവിതരണം പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34,904 ആയി. ഇതില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ്.

War crime concerns grow after discovery of another mass grave in Gaza hospital