18
Jan 2026
Mon
18 Jan 2026 Mon
vijay and mk stalin

Tamil Nadu Elections തമിഴ്‌നാട്ടില്‍ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ തീപാറുന്ന പോരാട്ടം നടക്കുമെന്ന് സര്‍വേ. ടിവികെ നേതാവും നടനുമായ വിജയുടെ സാന്നിധ്യം തിരഞ്ഞെടുപ്പ് ഫലത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റുകളുണ്ടാക്കും. എന്നാല്‍, ഇപ്പോഴും ഡിഎംകെ തന്നെ വീണ്ടും അധികാരത്തില്‍ വരാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്നും ലൊയോള കോളജ് പൂര്‍വ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പൊളിറ്റിക്കല്‍ ഡെമോക്രാറ്റിക് സ്ട്രാറ്റജീസ് (ഐപിഡിഎസ്) നടത്തിയ സര്‍വേയില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്റ്റാലിന്‍ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങള്‍ പരിഗണിക്കുന്നതില്‍ ഒന്നമാന്‍. എന്നാല്‍, വിജയ് തിരഞ്ഞെടുപ്പില്‍ വന്‍ കുതിച്ചുചാട്ടം നടത്തുമെന്നും മുഖ്യമന്ത്രി സ്ഥാനത്തെത്താന്‍ അര്‍ഹതയുള്ള രണ്ടാമത്തെ നേതാവ് വിജയ് ആണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഐപിഡിഎസിന്റെ ആദ്യ സര്‍വേയില്‍ രണ്ടാം സ്ഥാനത്തു പ്രതിപക്ഷ നേതാവും അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ എടപ്പാടി കെ.പളനിസാമിയായിരുന്നു. എന്നാല്‍, പുതിയ സര്‍വേയില്‍ എടപ്പാടി മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. ഡിഎംകെ എംപി കനിമൊഴി നാലാം സ്ഥാനത്തും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ അഞ്ചാം സ്ഥാനത്തും എത്തി. ടിവികെയുടെ വരവോടെ രാഷ്ട്രീയ രംഗത്തു പ്രകടമായ മാറ്റമുണ്ടായെന്നും സര്‍വേയില്‍ സൂചിപ്പിക്കുന്നു.

ALSO READ: ഡല്‍ഹി കലാപക്കേസ്: ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല

ടിവികെയുടെ വരവ് ഏറ്റവും കൂടുതല്‍ ബാധിക്കുക ഡിഎംകെയെയാണെന്നു സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. തൊട്ടുപിന്നാലെ വിടുതലൈ ചിരുതൈഗള്‍ കക്ഷി (വിസികെ), അണ്ണാഡിഎംകെ എന്നിവയ്ക്കും വിജയുടെ പാര്‍ട്ടി അടിയാവും.

പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന യുവ നേതാക്കളുടെ വിഭാഗത്തില്‍ വിജയ് ആണ് ഒന്നാമത്. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ രണ്ടാം സ്ഥാനത്തും ഉദയനിധി സ്റ്റാലിന്‍ മൂന്നാം സ്ഥാനത്തും എന്‍ടികെ നേതാവ് സീമാന്‍ നാലാം സ്ഥാനത്തുമാണ്. 234 നിയമസഭാ മണ്ഡലങ്ങളിലെ 81,375 പേരുടെ അഭിപ്രായമെടുത്താണ് സര്‍വേ തയ്യാറാക്കിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക