കുവൈത്ത് സിറ്റി സബാഹ് അല്‍ സലേം നോര്‍ത്ത് സെന്ററില്‍ ജോലി ചെയ്യുന്ന രണ്ട് ഡോക്ടര്‍മാരെ അജ്ഞാതന്‍ ക്രൂരമായി മര്‍ദിച്ചു. മെഡിക്കല്‍ ലീവ് ഒപ്പിടാത്തതിന് പിന്നാലെയാണ് മര്‍ദ്ദനമെന്നാണു വിവരം.
|
സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിച്ചു. ക്ലിനിക്കിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് വെച്ചാണ് അക്രമി രണ്ട് ഡോക്ടര്‍മാരെയും മര്‍ദിച്ചത്. പ്രതി ഇരുവരെയും പിന്തുടര്‍ന്നെത്തി മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഇരുവര്‍ക്കും പരുക്കേറ്റു. ഒരാളുടെ കൈ ഒടിഞ്ഞതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഔദ്യോഗിക ജോലി സമയം കഴിഞ്ഞതിനാല്‍ ഡോക്ടര്‍മാര്‍ മെഡിക്കല്‍ ലീവ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണം. കുറ്റവാളി സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
ALSO READ: ഗസയില്‍ പകല്‍ സമയങ്ങളില്‍ ആക്രമണം നിര്‍ത്തിവയ്ക്കുമെന്ന് ഇസ്രായേല്‍; സഹായ വിതരണത്തിന് അനുമതി
പ്രതിക്കെതിരെ അഭിഭാഷകന്‍ ഇലാഫ് അല്‍-സലേഹ് പരാതി നല്‍കി. സബാഹ് അല്‍-സലേം പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്ത പരാതി പ്രോസിക്യൂഷന് കൈമാറി. ഒരു ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
ചികിത്സയില്‍ ഇരിക്കുന്ന രണ്ടാമത്തെ ഡോക്ടറുടെ കൂടെ മൊഴി എടുത്താല്‍ അന്വേഷണം പൂര്‍ത്തിയാകും. കുറ്റവാളിയെ വേഗത്തില്‍ പിടികൂടാന്‍ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബന്ധപ്പെട്ട സുരക്ഷാ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.


