കോഴിക്കോട്: ഫാറൂഖ് കോളജിന്റെ ആദ്യ വനിതാ പ്രിൻസിപ്പലായി ഡോ. ആയിഷ സ്വപ്ന നാളെ സ്ഥാനമേൽക്കും. ഫാറൂഖ് കോളജ് ഇംഗ്ലീഷ് വിഭാഗത്തിൽ അധ്യാപികയായി പ്രവർത്തിച്ചുവരികയായിരുന്നു. മലബാറിന്റെ വിദ്യാഭ്യാസ രംഗത്ത് 75 വർഷമായി തലയെടുപ്പോടെ നിൽക്കുന്ന ഫാറൂഖ് കോളജിന് ചരിത്രത്തിലാദ്യമായാണ് ഒരു സ്ത്രീ പ്രിൻസിപ്പൽ പദവിയിലെത്തുന്നത്. 1948ലാണ് ഫാറൂഖ് കോളജ് സ്ഥാപിച്ചത്.
|
പ്രിൻസിപ്പലായ ഡോ. കെ.എം നസീർ വിരമിക്കുന്ന ഒഴിവിൽ ഇംഗ്ലീഷ് വിഭാഗത്തിലെ അസോസിയറ്റ് പ്രഫസർ എറണാകുളം സ്വദേശിനി ഡോ. ആയിഷ സ്വപ്നയാണ് പുതിയ ചരിത്രം രചിക്കുന്നത്. 2008 ജൂൺ നാലിന് ഇംഗ്ലീഷ് വിഭാഗത്തിൽ അസി. പ്രഫസറായാണ് ആയിഷ സ്വപ്ന ഫാറൂഖ് കോളജിൽ സർവിസിൽ പ്രവേശിച്ചത്. അതിനുമുമ്പ് വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ ലെക്ചറർ ആയിരുന്നു.
എറണാകുളം സെന്റ് തെരേസാസിൽ നിന്ന് ബിരുദവും 1995ൽ എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എയും നേടിയ ആയിഷ സ്വപ്ന, 2004ൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് ബി.എഡ് നേടി. 2017ൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്നുതന്നെ പിഎച്ച്.ഡിയും കരസ്ഥമാക്കി. ദശീയ, അന്തർദേശീയ ജേർണലുകളിൽ നിരവധി ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭർത്താവ് ഡോ. സി.കെ മഖ്ബൂൽ ജെ.ഡി.ടി ഇസ്ലാം ആർട്സ് ആൻഡ് സയൻസ് കോളജിന്റെ പ്രിൻസിപ്പലാണ്. മക്കൾ: അദ്നാൻ, അഫ്രീൻ.


