10
Oct 2026
Sat
10 Oct 2026 Sat
Flydubai Flight 1073 Hijack Plot

അബുദാബി/ടെല്‍ അവീവ്: ദുബായില്‍ നിന്നും ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് 180 യാത്രക്കാരുമായി പറന്ന ഫ്‌ളൈദുബായ് (flydubai) വിമാനത്തിലെ ആക്രണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിമാനം തട്ടിയെടുത്ത് (Hijack) ടെല്‍ അവീവിലുള്ള ബെന്‍ ഗുറിയോണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പാസഞ്ചര്‍ ടെര്‍മിനലില്‍ ഇടിച്ചിറക്കി നൂറുകണക്കിന് ആളുകളെ കൊലപ്പെടുത്താനായിരുന്നു സഹപൈലറ്റിന്റെ പദ്ധതിയെന്ന് യു.എ.ഇ അറ്റോര്‍ണി ജനറലും അന്വേഷണ ഉദ്യോഗസ്ഥരും വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോകത്തെ നടുക്കിയ 2001 സെപ്റ്റംബര്‍ 11-ലെ (9/11) ആക്രമണത്തിന് സമാനമായ രീതിയില്‍ ‘വിമാനം ഒരു ആയുധമാക്കി’ മാറ്റി വന്‍ ദുരന്തം സൃഷ്ടിക്കാനായിരുന്നു ഇയാളുടെ നീക്കം.

കോക്പിറ്റിലെ ചോരക്കളി: ക്യാപ്റ്റന് നേരെ കോടാലി ആക്രമണം

അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിമാനം സൗദി-ജോര്‍ദാന്‍ അതിര്‍ത്തി പ്രദേശത്തിന് മുകളിലൂടെ പറക്കുമ്പോള്‍ അപ്രതീക്ഷിതമായി സഹപൈലറ്റായ ഒമാന്‍ സ്വദേശി ഹമാം അല്‍ ഹമ്മാമി കോക്പിറ്റിലെ അപായ പ്രതിരോധത്തിന് ഉപയോഗിക്കുന്ന ‘എമര്‍ജന്‍സി ക്രാഷ് ആക്‌സ്’ (കോടാലി) കയ്യിലെടുത്ത് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റന്‍ രക്തം വാര്‍ന്ന് വീണിട്ടും അക്രമിയെ ശക്തമായി ചെറുക്കുകയും സഹായത്തിനായി ഡോര്‍ അണ്‍ലോക്ക് ചെയ്യാനുള്ള ബട്ടണ്‍ അമര്‍ത്തുകയും ചെയ്തു.

ഇതിനിടയില്‍ പ്രതി വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് വിമാനം വെറും 30 സെക്കന്‍ഡിനുള്ളില്‍ 16,000 അടിയോളം താഴേക്ക് കുത്തനെ പതിപ്പിച്ചു.

ഡോര്‍ തുറന്നു; രക്ഷകരായി മറ്റ് പൈലറ്റുമാരും യാത്രക്കാരും

അതേസമയം, തിരികെ സര്‍വീസ് നടത്താനായി വിമാനത്തില്‍ യാത്രക്കാരായി യാത്ര ചെയ്തിരുന്ന (Deadheading) വിമാനക്കമ്പനിയിലെ തന്നെ മറ്റ് രണ്ടു പൈലറ്റുമാരും ജീവനക്കാരും കോക്പിറ്റ് വാതില്‍ തുടര്‍ച്ചയായി തുറക്കുകയും അടയുകയും ചെയ്യുന്നത് കണ്ട് സംശയം തോന്നി അടുത്തെത്തി. ക്യാപ്റ്റന്‍ കടുത്ത പരിക്കുകള്‍ക്കിടയിലും സിസ്റ്റം അണ്‍ലോക്ക് ചെയ്തതോടെ പാസ്‌കോഡ് നല്‍കി ഇവര്‍ കോക്പിറ്റിനുള്ളില്‍ പ്രവേശിച്ചു.

ക്യാപ്റ്റനെ അക്രമിക്കുന്നത് കണ്ടതും വിമാനത്തിലുണ്ടായിരുന്ന ഒരു പ്ലംബര്‍ ഉള്‍പ്പെടെയുള്ള ധീരരായ ചില യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് അക്രമിയെ കീഴ്പ്പെടുത്തുകയും കെട്ടിയിടുകയുമായിരുന്നു. തുടര്‍ന്ന്, മറ്റ് രണ്ട് പൈലറ്റുമാര്‍ വിമാനത്തിന്റെ നിയന്ത്രണം തിരികെ പിടിക്കുകയും വിമാനം സൗദി അറേബ്യയിലെ തബൂക്ക് (Tabuk) എയര്‍പോര്‍ട്ടിലേക്ക് സുരക്ഷിതമായി തിരിച്ചുവിട്ട് അടിയന്തിരമായി ലാന്‍ഡ് ചെയ്യിക്കുകയും ചെയ്തു.

തുടര്‍ച്ചയായ 3-ാം വിമാനത്തില്‍ കൃത്യം; പ്രതി കുറ്റം സമ്മതിച്ചു

തന്റെ അഭിഭാഷകന്റെ സാന്നിധ്യത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം പൂര്‍ണ്ണമായും സമ്മതിച്ചിട്ടുണ്ട്. 2017-ല്‍ ഓസ്ട്രേലിയയില്‍ പഠിക്കുന്ന കാലം തൊട്ടേ തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനായ ഇയാള്‍, 9/11 ആക്രമണങ്ങളില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് ഏവിയേഷന്‍ രംഗത്തേക്ക് കടന്നുവന്നതെന്നും വ്യക്തമാക്കി. ഈ ആക്രമണത്തിന് മുന്‍പായി ടെല്‍ അവീവിലേക്കുള്ള രണ്ട് സര്‍വീസുകളില്‍ ഇയാള്‍ ഡ്യൂട്ടി ചെയ്യുകയും റൂട്ടും വിമാനത്താവളത്തിന്റെ ലൊക്കേഷനുകളും കൃത്യമായി പഠിക്കുകയും ചെയ്തിരുന്നു. മൂന്നാമത്തെ സര്‍വീസിലാണ് പദ്ധതി നടപ്പിലാക്കാന്‍ തുനിഞ്ഞത്. ആക്രമണ നീക്കത്തില്‍ താന്‍ ഒറ്റയ്ക്കാണ് പ്രവര്‍ത്തിച്ചതെന്നും ഇയാള്‍ മൊഴി നല്‍കി.

ആഗോള തലത്തില്‍ വന്‍ പ്രശംസയും കേസും

തലയ്ക്ക് മാരകമായ മുറിവേറ്റിട്ടും ജീവന്‍ തൃണവല്‍ഗണിച്ച് കോക്പിറ്റ് തുറന്നുകൊടുത്ത് 180 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ലോകമെമ്പാടുമുള്ള വ്യോമയാന വിദഗ്ദ്ധരും ഇസ്രായേല്‍ ഭരണകൂടവും ആഗോള മാധ്യമങ്ങളും പ്രശംസ കൊണ്ട് മൂടുകയാണ്. അക്രമത്തിന് ഉപയോഗിച്ച കോടാലി ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതി നിലവില്‍ സൗദി പോലീസിന്റെ കസ്റ്റഡിയിലാണ്. സൗദി അറേബ്യ, യു.എ.ഇ, ഇസ്രായേല്‍ എന്നീ മൂന്ന് രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ സംഭവത്തില്‍ സംയുക്തമായി വിശദമായ അന്വേഷണം തുടരുകയാണ്

Tags: Flydubai Flight 1073, Dubai Tel Aviv Hijack Plot, Aviation News, Ben Gurion Airport Attack, Captain Smit Machchhar, Tabuk Emergency Landing, International News Malayalam, World News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക