ന്യൂഡല്‍ഹി: വമ്പന്‍ കമ്പനികള്‍ പലതും പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് ഫണ്ട് നല്‍കിയത് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഭീഷണിക്ക് പിന്നാലെ. ഫണ്ട് നല്‍കുന്നതിന് കോര്‍പറേറ്റ് കമ്പനികള്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയതിന്റെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ പുറത്തുവിട്ടതിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. (EC releases SBI’s data on electoral bonds)
|
ബിജെപിക്ക് നേരിട്ട് സംഭാവന നല്‍കിയ കമ്പനികളില്‍ പലതും കടലാസ് കമ്പനികളും ഇഡി അന്വേഷണം നേരിടുന്നവയും ആണെന്ന വിവരം ന്യൂസ് ലോണ്‍ട്രി നേരത്തേ പുറത്തുവിട്ടിരുന്നു. 2013-14, 2022-2023 സാമ്പത്തിക വര്‍ഷങ്ങളില്‍ ബിജെപിക്ക് 4.94 കോടി രൂപ നല്‍കിയ കമ്പനികളില്‍ നാലെണ്ണം കടലാസ് കമ്പനികളാണ്. സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് 2017ല്‍ ഇവയെ ഷെല്‍ കമ്പനികളുടെ കൂട്ടത്തില്‍പ്പെടുത്തിയിരുന്നു.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന 30 കമ്പനികള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 335 കോടി രൂപ നല്‍കിയതായി നേരത്തേ റിപോര്‍ട്ട് പുറത്തുവന്നിരുന്നു. 11 കമ്പനികള്‍ കൂടി ഈ ഗണത്തിലുണ്ടെന്നതാണ് പുതിയ വാര്‍ത്ത. 2016-17, 2022-23 സാമ്പത്തിക വര്‍ഷം ഈ കമ്പനികള്‍ ബിജെപിക്ക് നല്‍കിയക് 62.27 കോടി രൂപയാണ്.
ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട പട്ടികയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ കമ്പനികളില്‍ ഒന്നാമത് നില്‍ക്കുന്നത് ഫ്യൂച്ചര്‍ ഗെയ്മിങ് ആന്റ് ഹോട്ടല്‍ സര്‍വീസസ് ലിമിറ്റഡ് ആണ്. 1,368 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് കമ്പനി വാങ്ങിയത്. സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഈ ലോട്ടറി കമ്പനി ഇഡി അന്വേഷണം നേരിടുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സിബിഐ കുറ്റപത്രത്തില്‍ പേരുള്ളയാളാണ് സാന്റിയാഗോ മാര്‍ട്ടിന്‍.

തെലങ്കാന മുഖ്യമന്ത്രി കെസിആറിന്റെ അടുപ്പക്കാരനായ പി വി കൃഷ്ണ റാവുവിന്റെ അടുത്ത ബന്ധു പിപി റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ മേഖ എന്‍ജിനീയറിങ് ആന്റ് ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡ് ആണ് പട്ടികയില്‍ രണ്ടാമതുള്ളത്. 966 കോടിയുടെ ബോണ്ടുകളാണ് കമ്പനി വാങ്ങിയത്. മേഘ ഗ്രൂപ്പിന് കെസിആര്‍ അവിഹിതമായി പലതും ചെയ്തുകൊടുത്തതായി നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. ഭരണകക്ഷിക്ക് അനുകൂലമായി വാര്‍ത്തകള്‍ പടച്ചുവിടുന്ന പല ന്യൂസ് ചാനലുകളും ഈ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്.
നിരവധി തവണ പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ചതായി ആരോപണമുയര്‍ന്നിട്ടുള്ള വേതാന്ത ലിമിറ്റഡ് തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്‍കിയത് 399 കോടി രൂപയാണ്.

ആര്‍പി സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ഹാല്‍ദിയ എനര്‍ജി ലിമിറ്റഡ് ആണ് പട്ടികയില്‍ അഞ്ചാമതുള്ളത്. പശ്ചിമ ബംഗാളിലെ ഹാല്‍ദിയയില്‍ താപനിലയം പ്രവര്‍ത്തിപ്പിക്കുന്ന കമ്പനിക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ പല വഴിവിട്ട സഹായങ്ങളും ചെയ്തുകൊടുത്തതായി അല്‍ജസീറ കഴിഞ്ഞ വര്‍ഷം റിപോര്‍ട്ട് ചെയ്തിരുന്നു. 375 കോടി രൂപയാണ് ഈ കമ്പനി ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന നല്‍കിയത്.
ഒഡിഷയിലെ ബുക്‌സ്‌വാഹ വനത്തില്‍ അനധികൃത ഖനനം നടത്തുന്നതായി ആരോപിക്കപ്പെട്ട എസ്സെല്‍ മൈനിങ് ആന്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സംഭാവനയായി നല്‍കിയത് 224.5 കോടിയാണ്. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമാണ് കമ്പനി.

പട്ടികയില്‍ പേരുള്ള യശോദ ഹോസ്പിറ്റല്‍സ് 2021 ഒക്ടോബര്‍ 4നും 2023 ഒക്ടോബര്‍ 11നും ഇടയില്‍ വാങ്ങിയത് ഒരു കോടി രൂപ വീതം വിലവരുന്ന 162 ബോണ്ടുകളാണ്. നിരവധി ഹോസ്പിറ്റലുകള്‍ നടത്തുന്ന ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനി 2019-20ല്‍ ബിജെപിക്ക് 2.5 ലക്ഷം രൂപ സംഭാവനയായി നല്‍കിയിരുന്നു. 2020 ഡിസംബറില്‍ കമ്പനിയുടെ പല ഓഫിസുകളിലും കേന്ദ്ര ഏജന്‍സികളുടെ പരിശോധന നടന്നു. തൊട്ടടുത്ത വര്‍ഷം യശോദ ഹോസ്പിറ്റല്‍ ബിജെപിക്ക് നല്‍കിയത് 10 കോടി രൂപയാണ്.





