08
Sep 2023
Wed
08 Sep 2023 Wed

കുരവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മൊയ്തീന്‍ ഇന്ന് 11 മണിക്ക് EDക്ക് മുന്നിലെത്തും; MLA അറസ്റ്റ് ഭീതിയില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ചോദ്യംചെയ്യലിനായി മുന്‍ മന്ത്രി എ.സി മൊയ്തീന് മൂന്നാമതും നോട്ടീസ് ലഭിച്ചതിനാല്‍ അദ്ദേഹം ഇന്ന് ഇ.ഡി മുമ്പാകെ ഹാജരാകുമോയെന്ന് ഉറ്റുനോക്കി രാഷ്ട്രീയകേന്ദ്രങ്ങള്‍. രാവിലെ 11 മണിക്ക് കൊച്ചി ഓഫിസില്‍ ഹാജരാകണമെന്നാണ് നോട്ടിസില്‍. മൂന്നാംതവണയാണ് മൊയ്തീന് ഇഡി നോട്ടിസ് നല്‍കുന്നത്. ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്നാണ് ഇപ്പോള്‍ മൊയ്തീന്‍ അറിയിച്ചത്. നിയമസഭാ സമ്മേളനം നടക്കുന്ന സമയമാണെങ്കിലും ഇ.ഡിക്ക് മുന്നിലെത്തും. ഇ.ഡി ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കുമെന്നും മൊയ്തീന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേസില്‍ ക്രമവിരുദ്ധ വായ്പകളുടെ രേഖകള്‍ കണ്ടെത്തിയതായാണ് ഇ ഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്. വായ്പകള്‍ വേണ്ടത്ര പരിശോധനകള്‍ നടത്താതെയെന്നും വായ്പ ഇതര അക്കൗണ്ടുകളിലേക്ക് പണം വകമാറ്റിയെന്നും കണ്ടെത്തലുണ്ട്. കരുവന്നൂര്‍ കേസില്‍ പി പി കിരണിനേയും സതീഷ് കുമാറിനെയും കഴിഞ്ഞ ദിവസം ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇ ഡി കേസിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

വായ്പക്കാരന്‍ ആരെന്ന് അറിയാത്ത സാഹചര്യത്തിലാണ് ബാങ്ക് ജീവനക്കാര്‍ ഉള്ളതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കിന്റെ അധികാര പരിധിക്ക് പുറത്ത് വായ്പ നല്‍കി. അതും ഒരേ രേഖകളില്‍ ഒന്നിലധികം വായ്പ നല്‍കി. പി പി കിരണ്‍ അംഗത്വം നേടിയത് ബാങ്ക് ബൈ ലോ മറികടന്നാണ്. പി സതീഷ് കുമാര്‍ അനധികൃത പണമിടപാട് നടത്തി. കുറ്റകൃത്യത്തില്‍ ഉന്നതര്‍ക്കും ബന്ധമുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി.

പി പി കിരണ്‍ 48.57 കോടി രൂപയുടെ സാമ്പത്തിക ഇടപാട് നടത്തിയെന്നും ഇഡി വ്യക്തമാക്കുന്നു. പ്രതികളെ ഇന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

പി പി കിരണിനേയും സതീഷ് കുമാറിനെയും പല ദിവസങ്ങളിലായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എസി മൊയ്തീന്റെയും ബിനാമികളെന്ന് ആരോപിക്കുന്നവരുടെയും വീട്ടില്‍ കഴിഞ്ഞ മാസം 22 നാണ് ഇ ഡി റെയ്ഡ് നടത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസി മൊയ്തീന് രണ്ട് തവണ ഇ ഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. എസി മൊയ്തീനുമായി അടുപ്പമുള്ള പലരേയും ഇഡി ചോദ്യം ചെയ്തിട്ടുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക