ന്യൂഡല്‍ഹി: കൃത്യമായ തെളിവുകളില്ലാതെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത ബിജെപി സര്‍ക്കാര്‍ നടപടി അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാവുന്നു. വിവിധ വിദേശ മാധ്യമങ്ങള്‍ക്കൊപ്പം അമേരിക്കയും ജര്‍മനിയും വിഷയത്തില്‍ ഇടപെട്ടു. ( “Encourage Fair, Transparent Legal Process”: US On Arvind Kejriwal Arrest )
|
കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ നീതിപൂര്‍വ്വവും സുരക്ഷിതവും സമയബന്ധിതവുമായ നിയമനടപടി ഉറപ്പക്കാണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. അമേരിക്കന്‍ വിദേശകാര്യ വകുപ്പ് വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. മറ്റ് ഏതൊരു ഇന്ത്യന്‍ പൗരനെയും പോലെ ആം ആദ്മി പാര്‍ട്ടി നേതാവും പക്ഷപാത രഹിതമായ വിചാരണ അര്‍ഹിക്കുന്നു എന്ന് കഴിഞ്ഞ ദിവസം ജര്‍മന്‍ വിദേശകാര്യ ഓഫിസ് പ്രസ്താവിച്ചിരുന്നു.
ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവവും ജനാധിപത്യ തത്വങ്ങളും ഈ കേസില്‍ ഉറപ്പ് വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ജര്‍മന്‍ സര്‍ക്കാര്‍ വക്താവ് വെള്ളിയാഴ്ച്ച പറഞ്ഞു.

ഒരു സംസ്ഥാന മുഖ്യമന്ത്രിയെ രാഷ്ട്രീപ്രേരിതമായി അറസ്റ്റ് ചെയ്ത നടപടിക്കെതിരേ വിവിധ വിദേശമാധ്യമങ്ങളും രംഗത്തെത്തി. യൂറോ ന്യൂസ്(ബ്രിട്ടന്‍), സിഎന്‍എ(സിംഗപ്പൂര്‍), തായ്‌വാന്‍ ന്യൂസ്(തായ്‌വാന്‍), ടി ആര്‍ ടി വേള്‍ഡ്(തുര്‍ക്കി) തുടങ്ങിയ മാധ്യമങ്ങള്‍ വിഷയത്തില്‍ വിശദമായ കവറേജ് നല്‍കി.
അതേസമയം, അമേരിക്കയുടെയും ജര്‍മനിയുടെയും ഇടപെടലിനെതിരേ ഭീഷണി സ്വരത്തിലാണ് ഇന്ത്യ പ്രതികരിച്ചത്. ജര്‍മന്‍, അമേരിക്കന്‍ നയതന്ത്രപ്രതിനിധികളെ ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് വിളിപ്പിച്ചു. ഇന്ത്യയുടെ നീതിന്യായ പ്രക്രിയയില്‍ ഇടപെടുന്നതാണ് ജര്‍മനിയുടെ നടപടിയെന്ന് വിദേശകാര്യ വകുപ്പ് പ്രതികരിച്ചു. ആഭ്യന്തര കാര്യങ്ങളില്‍ പരസ്പര ബഹുമാനത്തോടെ പെരുമാറണം. അല്ലെങ്കില്‍ അനാരോഗ്യകരമായ രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് അമേരിക്കന്‍ വക്താവിന്റെ പ്രസ്താവനയോട് പ്രതികരിച്ച് കൊണ്ട് ഇന്ത്യ അറിയിച്ചു.
അമേരിക്കന്‍ ആക്ടിങ് ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഗ്ലോറിയ ബെര്‍ബേനയെ ഇന്ന് രാവിലെയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചത്. 40മിനിറ്റ് നേരം ഇവരുമായുള്ള കൂടിക്കാഴ്ച്ച നീണ്ടു.


