02
Nov 2025
Sat
02 Nov 2025 Sat
Ethanobotony of Lakhsdweep Island India book released at SIBF 2025

ഷാര്‍ജ: ലക്ഷദ്വീപിന്റെ അത്യപൂര്‍വ സസ്യ സമ്പത്ത് സംരക്ഷിക്കുകയും ജന വിജ്ഞാന പാരമ്പര്യ അറിവുകള്‍ കൂടുതല്‍ ശാസ്ത്രീയമായ രീതിയില്‍ പഠന വിധേയമാക്കുകയും ചെയ്യണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞ മറിയം അല്‍ ശിനാസി. സര്‍ സയ്യിദ് കോളേജ് ബോട്ടണി വിഭാഗം അധ്യാപകനായ ഡോ. അബ്ദുസ്സലാം എകെയും ഗവേഷകനും ലക്ഷദ്വീപ് സ്വദേശിയുമായ ഡോ. അന്‍സറലി കെസിയും ചേര്‍ന്ന് രചിച്ച് ഡല്‍ഹി ഇന്തു പ്രസിദ്ധീകരണ വിഭാഗം പ്രസിദ്ധീകരിച്ച ‘എത്തനോബോട്ടാണി ഓഫ് ലക്ഷദ്വീപ് ഐലന്റ്- ഇന്ത്യ ‘ എന്ന പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യുകയായിരുന്നു അവര്‍. പുസ്തകത്തിന്റെ ആദ്യ പ്രതി വെസ്റ്റ് ലണ്ടന്‍ യൂനിവേഴ്‌സിറ്റി സിഇഒ അഹമ്മദ് റാഫി ബി. ഫെറി സ്വീകരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തു വര്‍ഷത്തെ വിപുലമായ ഫീല്‍ഡ് ഗവേഷണത്തിന്റെയും ലക്ഷദ്വീപിലെ പത്ത് മനുഷ്യവാസമുള്ള ദ്വീപുകളിലൂടെയുള്ള സര്‍വേകളുടെയും ഫലമാണ്. ദ്വീപ് ഭക്ഷണം, ദ്വീപ് ഔഷധങ്ങള്‍, പാരമ്പര്യ ചികിത്സാ രീതികള്‍, നിത്യജീവിതം എന്നിവയ്ക്കായി പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന 144 ഔഷധ സസ്യങ്ങളുടെ വിവരങ്ങളാണ് ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2013 മുതല്‍ 2019 വരെ ദ്വീപുകളിലുടനീളം നടത്തിയ അഭിമുഖങ്ങള്‍, ഗൃഹസന്ദര്‍ശനങ്ങള്‍ എന്നിവയിലൂടെ ശേഖരിച്ച ജനവിജ്ഞാന വിവരങ്ങളാണ് ഇതിന് അടിസ്ഥാനമെന്ന് ഗ്രന്ഥകാരനായ ഡോ. എ കെ അബ്ദുസ്സലാം പ്രസംഗത്തില്‍ വ്യക്തമാക്കി.

കാലാവസ്ഥാ മാറ്റം, കടല്‍നിരപ്പിലെ ഉയര്‍ച്ച, ആവാസവ്യവസ്ഥ നാശം തുടങ്ങിയവ മൂലം ലക്ഷദ്വീപ് നേരിടുന്ന വെല്ലുവിളികള്‍ ഗുരുതരമാണെന്നും, ജീവവൈവിധ്യത്തെയും പരമ്പരാഗത ജ്ഞാനത്തെയും സംരക്ഷിക്കുക അടിയന്തര ആവശ്യമായിരിക്കുകയാണെന്നും ഈ പുസ്തകം ശാസ്ത്രീയ രേഖ മാത്രമല്ല, പ്രകൃതിയെയും പാരമ്പര്യത്തെയും സംരക്ഷിക്കാന്‍ ഉള്ള ഒരു ആഹ്വാനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദ്വീപുകളിലെ പ്രകൃതി വിഭവ സംരക്ഷണത്തിനും ജനജീവിത പുരോഗതിക്കും ഇക്കോ-ടൂറിസംയും പാരമ്പര്യവിദ്യാഭ്യാസവും കാര്യക്ഷമമായ മാര്‍ഗങ്ങളാകാമെന്ന് രചയിതാക്കള്‍ അഭിപ്രായപ്പെട്ടു. ലക്ഷദ്വീപ് ജനതയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഈ ഗ്രന്ഥം, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഖണ്ഡബന്ധത്തിന്റെയും ഇന്ത്യയിലെ ഏറ്റവും നിസ്സാരമായ ദ്വീപുസമൂഹങ്ങളില്‍ ഒന്നായ ലക്ഷദ്വീപിന്റെ ജീവവൈവിധ്യ സംരക്ഷണത്തിന്റെയും മഹത്തായ സന്ദേശമാണ് മുന്നോട്ടുവയ്ക്കുന്നത്.

ഡോ. പി.കെ.പോക്കര്‍, ഡോ അസീസ് തരുവണ, ഹാഷിം പി കെ, അഫ്‌സല്‍ ശുകൂര്‍ ലക്ഷദീപ്, അഡ്വ.ബി.എഫ് അബ്ദുറഹിമാന്‍, മുഹമ്മദ് മേപ്പോയില്‍, മുജീബ് കൊടുവള്ളി, അഫ്‌സല്‍ ഒതയോത്ത്, ലത കെ, അബ്ദുല്‍ നസര്‍ അഹമ്മദ് (പ്രസിഡന്റ്, സ്‌കോട്ട) എന്നിവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ ഹാഷിം ടി (ട്രഷറര്‍, സ്‌കോട്ട), ജൂനൈദ്, നിസാംമുദ്ദീന്‍, രഘു (ജോയിന്റ് സെക്രട്ടറി, സ്‌കോട്ട), അബ്ദുറഹ്‌മാന്‍, മുഹമ്മദ് ഷഫീക്ക് (വൈസ് പ്രസിഡന്റുമാര്‍, സ്‌കോട്ട), അല്‍താഫ് (ജോയിന്റ് ട്രഷറര്‍, സ്‌കോട്ട), അലിള്‍ സി.പി, മുസ്തഫ കുറ്റിക്കോല്‍, അബൂബക്കര്‍ മൂളയില്‍, സുഫിയാന്‍ സൂരി, മാച്ചിങ്ങല്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങിന് സര്‍ സയ്യിദ് കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയായ സ്‌കോട്ട ജനറല്‍ സെക്രട്ടറി ഷംസീര്‍ പി. കെ പി. കെ സ്വാഗതവും പുസ്തക രചയിതാവ് ഡോ. അബ്ദുസ്സലാം എ കെ നന്ദിയും പറഞ്ഞു.

ALSO READ: ജ്വല്ലറി ഉടമയ്ക്കു നേരെ മുളകുപൊടിയെറിഞ്ഞ യുവതിക്ക് 25 സെക്കന്‍ഡിനുള്ളില്‍ കിട്ടിയത് 20 തലയ്ക്കടി