മുംബൈ ഭീകരാക്രമണകേസ് പ്രതി അജ്മല്‍ കസബിനു പോലും മാന്യമായ വിചാരണ ലഭിച്ചിരുന്നുവെന്ന് ജമ്മു കശ്മീര്‍ വിഘടന നേതാവ് യാസീന്‍ മാലിക്കിനെ കോടതിയില്‍ നേരിട്ട് ഹാജരാവുന്നതിനെ എതിര്‍ത്ത സിബിഐയോട് സുപ്രിംകോടതി. 1990ല്‍ ശ്രീനഗറില്‍ നാല് വ്യോമസേനാംഗങ്ങള്‍ കൊല്ലപ്പെട്ട സംഭവത്തിലും 1989ല്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സഈദിന്റെ മകള്‍ റുബൈയ സഈദിനെ തട്ടിക്കൊണ്ടുപോയ കേസുമായും ബന്ധപ്പെട്ടാണ് തിഹാര്‍ ജയിലില്‍ കഴിയുന്ന യാസീന്‍ മാലിക്ക നേരിട്ട് ഹാജരാവുന്നതിന് ശ്രീനഗര്‍കോടതിയോട് ആവശ്യപ്പെട്ടതും ഇക്കാര്യം അംഗീകരിച്ചതും. ഇതിനെതിരേ സിബിഐ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.
|
യാസീന്‍ മാലിക്ക് നേരിട്ട് ശ്രീനഗര്‍ കോടതിയിലെത്തുന്നത് ജമ്മുകശ്മീരിലെ സാമൂഹിക അന്തരീക്ഷത്തിന് വിഘാതമുണ്ടാക്കുമെന്നും സാക്ഷികളെ അപകടത്തില്‍പെടുത്തുമെന്നുമായിരുന്നു സിബിഐ വാദം. മോശം ഇന്റര്‍നെറ്റ് സേവനം ലഭിക്കുന്ന ജമ്മുവില്‍ എങ്ങനെയാണ് യാസീന്‍ മാലിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാവുകയെന്ന് ജസ്റ്റിസുമാരായ എ എസ് ഒകയും എ ജി മസീഹും സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്തയോട് ചോദിച്ചു.
യാസീന്‍ മാലിക്കിന് നേരിട്ട് ഹാജരാവണമെന്നാണെങ്കില്‍ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റാമെന്നും തുഷാര്‍ മെഹ്ത വാദിച്ചു. ഇത്രയുമായിപ്പോഴായിരുന്നു അജ്മല്‍ കസബിന് പോലും ഈ രാജ്യത്ത് മാന്യമായ വിചരാണം നല്‍കിയെന്ന ബെഞ്ച് ചൂണ്ടിക്കാട്ടിയത്.
ജയിലില്‍ വിചാരണസൗകര്യം ഒരുക്കുമെങ്കില്‍ എത്ര സാക്ഷികളെ ഹാജരാക്കാന്‍ കേന്ദ്രത്തിനാവുമെന്നും അതിനുള്ള സുരക്ഷാ ക്രമീകരണങ്ങെന്തൊക്കെയാണെന്നും കോടതി ചോദിച്ചു. ജയിലിലെ കോടതിക്കു വേണ്ടി എങ്ങനെയാണ് ഒരു ജഡ്ജിയെ നിയോഗിക്കുകയെന്ന് നോക്കട്ടെയെന്നും കോടതി പറഞ്ഞു. ഹരജി അടുത്ത വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





