ഉത്തർപ്രദേശിലെ ഇറ്റയിൽ നടന്ന വ്യാജ തട്ടിക്കൊണ്ടുപോകൽ കേസിന്റെ അന്വേഷണത്തിനിടെ
പോലീസ് കണ്ടെത്തിയത് നാല് വർഷമായി ഫാമിൽ പ്രവർത്തിച്ചിരുന്ന വ്യാജ സർവകലാശാല. വിദ്യാർഥികളിൽ നിന്ന് പണം വാങ്ങി വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും നൽകിയെന്നാണ് പൊലീസിന്റെ ആരോപണം.
|
പ്രധാന പ്രതിയും സ്ഥാപനത്തിന്റെ മാനേജരുമായ 35കാരൻ സതേന്ദ്ര കുമാറാണ് സ്വന്തം തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ സഹോദരൻ രാം സേവക് നൽകിയ പരാതിയിൽ, മൂന്ന് പേർ സതേന്ദ്രയെ തട്ടിക്കൊണ്ടുപോയെന്നും മോചനദ്രവ്യമായി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നുമായിരുന്നു ആരോപണം.
സെപ്റ്റംബർ 16ന് പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. മൊബൈൽ ഫോൺ ലൊക്കേഷനും മറ്റ് സാങ്കേതിക തെളിവുകളും പരിശോധിച്ചപ്പോൾ സതേന്ദ്രയുടെ സാന്നിധ്യം ആഗ്രയിൽ കണ്ടെത്തി. തുടർന്ന് ഇയാളെ പോലീസ് സുരക്ഷിതമായി കണ്ടെത്തി ചോദ്യം ചെയ്തതോടെയാണ് തട്ടിക്കൊണ്ടുപോകൽ നാടകം പുറത്തായത്.
വിദ്യാർഥികളിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാൻ സമ്മർദം നേരിട്ടതിനെ തുടർന്നാണ് സതേന്ദ്ര സ്വന്തം തട്ടിക്കൊണ്ടുപോകൽ വ്യാജമായി സൃഷ്ടിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സ്ഥാപനത്തിന്റെ അഫിലിയേഷൻ സംബന്ധിച്ച് ഇയാൾ പോലീസിന് നൽകിയ വിവരങ്ങളും വ്യാജമാണെന്ന് പിന്നീട് വ്യക്തമായി.
ഫാമിൽ ‘സർവകലാശാല’
മർഹറ പോലീസ് സ്റ്റേഷൻ പരിധിയിലെ മെഹ്മൂദ്പൂർ നാഗരിയ ഗ്രാമത്തിലെ ഏകദേശം നാല് ബീഘ സ്ഥലത്താണ് 2022 മുതൽ ‘ബിഎസ് കോളജ് ആൻഡ് യൂണിവേഴ്സിറ്റി’ എന്ന പേരിൽ സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി.
10 മുറികളുള്ള ഒറ്റനില കെട്ടിടമായിരുന്നു സ്ഥാപനത്തിന്റെ കാംപസ്. എന്നാൽ വിദ്യാർഥികൾക്കായി ലബോറട്ടറി സൗകര്യം ഉണ്ടായിരുന്നില്ല. ഇറ്റ, കാസ്ഗഞ്ച്, അലിഗഢ്, ആഗ്ര, ഹാഥ്രസ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർഥികളിൽ നിന്ന് വിവിധ കോഴ്സുകളിലേക്ക് പ്രവേശനം വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്നാണ് പോലീസ് പറയുന്നത്.
ഡി ഫാർമ, ബി ഫാർമ, ബി.എസ്സി നഴ്സിങ് തുടങ്ങിയ കോഴ്സുകളിലേക്കായിരുന്നു പ്രവേശനം നൽകിയിരുന്നത്. നിലവിലെ അധ്യയന വർഷത്തിൽ 54 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തതായി രേഖകളുണ്ടെങ്കിലും മുൻ വർഷങ്ങളിൽ നൂറുകണക്കിന് പേർ ഇവിടെ പ്രവേശനം നേടിയിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ സംശയം. എന്നാൽ ആരും ഇവിടെ യഥാർഥത്തിൽ ക്ലാസുകളിൽ പങ്കെടുത്തിരുന്നില്ല.
പിടിച്ചെടുത്തത് വ്യാജ രേഖകളുടെ ശേഖരം
പരിശോധനയിൽ ഒരു ലാപ്ടോപ്പ്, നാല് വ്യാജ ബാങ്ക് ചെക്കുകൾ, 16 വ്യാജ വിദ്യാർഥി തിരിച്ചറിയൽ കാർഡുകൾ, അപേക്ഷാ ഫോമുകൾ, ഹാജർ രേഖകൾ, വ്യാജ ഫീസ് രസീതുകൾ, പരീക്ഷാ ഉത്തരക്കടലാസുകൾ, വ്യാജ ചോദ്യപേപ്പറുകൾ, വ്യാജ സീൽ, വ്യാജ സീലുകളുള്ള ലെറ്റർഹെഡുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. വ്യാജ സർവകലാശാല കോഡ് ഉൾപ്പെടുത്തിയ പ്രചാരണ ലഘുലേഖകളും കണ്ടെത്തി.
കേസിൽ സതേന്ദ്ര കുമാർ, നരേന്ദ്ര എന്ന പപ്പു, ഭഗവാൻ ദാസ്, മുഹമ്മദ് ശരീഫ് ഖുറേഷി, ഗൗരവ് അഗർവാൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സതേന്ദ്രയാണ് സ്വയം വൈസ് ചാൻസലറായി അവകാശപ്പെട്ടിരുന്നത്. മുഹമ്മദ് ശരീഫ് ഖുറേഷി പ്രിൻസിപ്പലായും ഭഗവാൻ ദാസ് ചെയർമാനായും പ്രവർത്തിച്ചെന്നാണ് പോലീസ് പറയുന്നത്.
ചായക്കട നടത്തുന്ന ഭഗവാൻ ദാസ് നിരക്ഷരനാണെന്നും പോലീസ് വ്യക്തമാക്കി. വ്യാജ രേഖകൾ തയ്യാറാക്കൽ, പ്രവേശനം കൈകാര്യം ചെയ്യൽ, സ്ഥാപനത്തിന്റെ പരസ്യം തുടങ്ങിയ ജോലികളിൽ മറ്റുള്ളവർ പങ്കാളികളായിരുന്നുവെന്നാണ് ആരോപണം.
സതേന്ദ്രയ്ക്കെതിരെ നേരത്തെ നാല് ക്രിമിനൽ കേസുകളും നരേന്ദ്രയ്ക്കെതിരെ രണ്ട് കേസുകളും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
ALSO READ:വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച 16കാരി പ്രസവിച്ചു; 31കാരൻ അറസ്റ്റിൽ
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക




