22
Oct 2024
Sat
22 Oct 2024 Sat
Qatar Indian school

ദോഹ: സിബിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന ഖത്തറിലെ അഞ്ച് ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷത്തേക്ക് ഈവനിങ് ഷിഫ്റ്റ് അനുവദിച്ചു. (Evening shift begins in five Indian schools in Qatar) രാവിലെയും വൈകുന്നേരവുമായി രണ്ടു ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കും. മറ്റ് ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്ന് ഇന്റേണല്‍ ട്രാന്‍സ്ഫര്‍ പാടില്ലെന്ന വ്യവസ്ഥയില്‍ അഞ്ച് ഇന്ത്യന്‍ സ്‌കൂളുകള്‍ക്കാണ് ഇതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എം.ഇ.എസ്(MES) ഇന്ത്യന്‍ സ്‌കൂളിലും ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിലും (DMIS) KG1 മുതല്‍ 8 വരെ ഉച്ചതിരിഞ്ഞുള്ള സെഷനില്‍ പ്രവേശനം അനുവദിക്കും. എം.ഇ.എസ് (MES) അബു ഹമൂര്‍ ബ്രാഞ്ച്, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ (SIS), ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ (IIS) എന്നിവിടങ്ങളില്‍ ഒന്നു മുതല്‍ 8 വരെയുള്ള ക്ലാസുകളിലേക്കും ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റിലേക്ക് പ്രവേശനം ലഭ്യമാണ്. ഉച്ച കഴിഞ്ഞ് 2 മണി മുതല്‍ 7 വരെയാണ് ഈവിനിംഗ് ഷിഫ്റ്റ് പ്രവര്‍ത്തിക്കുക.

ALSO READ: പോപുലര്‍ ഫ്രണ്ടിന്റെ 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി ഇഡി

ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റുകള്‍ ആരംഭിക്കാന്‍ രണ്ട് കാമ്പസുകള്‍ക്കും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്ന് അനുമതി ലഭിച്ചതായി എംഇഎസ് പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍ സ്ഥിരീകരിച്ചു.

സീറ്റുകള്‍ പരിമിതമായത് കാരണം ഖത്തറിലെ ഒരു സ്‌കൂളിലും പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഈവിനിംഗ് ഷിഫ്റ്റിലേക്ക് പ്രവേശനം അനുവദിക്കുക. നവംബര്‍ 3 ന് ഈവനിങ് ഷിഫ്റ്റ് ആരംഭിക്കുമെന്ന് MES സ്‌കൂള്‍ മാനേജ്മെന്റ് സ്ഥിരീകരിച്ചു.

അതേസമയം, വ്യാഴാഴ്ച വരെ ഈവിനിംഗ് ഷിഫ്റ്റുകളിലേക്ക് 4,000 അപേക്ഷകള്‍ ലഭിച്ചതായി ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ അറിയിച്ചു. പ്രഭാത ഷിഫ്റ്റുകളിലെ ക്ലാസ്സുകള്‍ മാറ്റമില്ലാതെ തുടരും.

ഖത്തറിലെ മിക്ക ഇന്ത്യന്‍ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് ലഭിക്കാത്ത സ്ഥിതിയാണ്. പുതിയ തീരുമാനം ഇതിന് ഒരുപരിധി വരെ പരിഹാരമാവും. നിലവില്‍ 18 ഓളം ഇന്ത്യന്‍ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഖത്തറില്‍ എല്ലാ വിദ്യാലയങ്ങളും മോണിങ് ഷിഫ്റ്റില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

ഖത്തറില്‍ വര്‍ഷംതോറും ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം വര്‍ധിച്ചുവരുന്നുണ്ടെങ്കിലും അതിന് അനുസൃതമായി സിബിഎസ്ഇ സ്‌കൂളുകള്‍ ഇല്ല. പുതുതായി ആരംഭിച്ച പല സ്‌കൂളുകളിലും താങ്ങാനാവാത്ത ഫീസ് ആയതിനാല്‍ ഇടത്തരം പ്രവാസി കുടുംബങ്ങള്‍ക്ക് അവിടെ കുട്ടികളെ പഠിപ്പിക്കുന്നത് വലിയ ഭാരമായിരുന്നു.