സെന്‍കുമാറിന്റെ തമിഴ്‌നാട് പതിപ്പ്: വ്യാജപ്രാരണം നടത്തിയ തമിഴ്‌നാട് മുന്‍ DGPക്കെതിരേ കേസ്
|
ചെന്നൈ: വിരമിച്ച ശേഷം സംഘ്പരിവാര്‍ പാളയത്തിലെത്തി വിദ്വേഷ പ്രചാരണം നടത്തി കേസില്‍ കുടുങ്ങിയ കേരള മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ തമിഴ്‌നാട് പതിപ്പായി തമിഴകത്തെ മുന്‍ പോലീസ് മേധാവി ആര്‍. നടരാജന്‍. തമിഴ്‌നാട്ടിലെ ഡി.എം.കെ സര്‍ക്കാരിനെതിരായ സംഘ്പരിവാരിന്റെ വ്യാജപ്രാരണം ഏറ്റുപിടിച്ചതിന് ആര്‍. നടരാജനെതിരേ കേസെടുത്തു. അണ്ണാ ഡി.എം.കെ മുന്‍ എം.എല്‍.എ കൂടിയായ നടരാജനെതിരെ അഭിഭാഷകയും ഡി.എം.കെ ഭാരവാഹിയുമായ പി.ഷീലയുടെ പരാതിയില്‍ സൈബര്‍ ക്രൈം പൊലിസ് ആണ് കേസ് രജിസ്റ്റര്‍ചെയ്തത്. തമിഴ്‌നാട്ടില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ ഡി.എം.കെ സര്‍ക്കാര്‍ തകര്‍ത്തുവന്ന വ്യാജ ആരോപണങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് നടപടി.
വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ വൈര്യം വളര്‍ത്തല്‍, മനഃപൂര്‍വം പൊതുജന ശല്യം ഉണ്ടാക്കല്‍, ഭീതിസൃഷ്ടിക്കുന്ന വിധത്തില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും ഐ.ടി നിയമത്തിലെ വകുപ്പുകളുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. പബ്ലിക് ഡിഫന്‍സ് പ്രോസിക്യൂഷന്‍ എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ചിത്രസഹിതം മുന്‍ ഡി.ജി.പി വ്യാജ സന്ദേശം പ്രചരിപ്പിച്ചത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് പി.ഷീല പരാതി നല്‍കിയത്.





