25
Feb 2025
Sun
25 Feb 2025 Sun
Expats Over 60 Can Now Transfer Visas from Dependent to Private Sector

കുവൈത്ത് സിറ്റി: പതിറ്റാണ്ടുകളായി ജോലി ചെയ്ത ശേഷം 60 വയസ്സ് കഴിയുന്നതോടെ തൊഴില്‍ വിസ നിഷേധിക്കപ്പെടുകയും ആശ്രിത വിസകളിലേക്ക് മാറേണ്ടിവരികയും ചെയ്യുന്നതാണ് കുവൈത്തിലെ രീതി. ആയിരക്കണക്കിനാളുകളാണ് ഇത്തരത്തില്‍ 60 കഴിയുന്നതോടെ ജോലി നിര്‍ത്ത് നാട്ടിലേക്ക് മടങ്ങിയിരുന്നത്. എന്നാല്‍, ഇത്തരം സാഹചര്യം ഒഴിവാക്കുന്ന വിധത്തില്‍ പുതിയ പരിഷ്‌കരണം കൊണ്ടുവന്നിരിക്കുകയാണ് കുവൈത്ത് ഭരണകൂടം. ഇതുപ്രകാരം 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികള്‍ക്ക് വിസ ട്രാന്‍സ്ഫറിന് അനുമതി ലഭിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിസിനസ് ഉടമകള്‍ക്കുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (Public Authority for Manpower) പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ഇതു പ്രകാരം സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റോ അതില്‍ കുറവോ വിദ്യാഭ്യാസ യോഗ്യതയുള്ളവരും 60 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരുമായ പ്രവാസികള്‍ക്ക് റെസിഡന്‍സി സ്റ്റാറ്റസ് കുടുംബ/ആശ്രിത സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് സ്വകാര്യ മേഖലയിലെ റെസിഡന്‍സിയിലേക്ക് മാറാനാകുന്നതാണ്. അതായത്, ഇപ്പോഴത്തെ ആര്‍ട്ടിക്കിള്‍ 22 വിസക്കാര്‍ക്ക് ആര്‍ട്ടിക്കിള്‍ 18 വിസകളിലേക്ക് മാറാന്‍ കഴിയും. നേരത്തേ ബിരുദയോഗ്യതയില്ലാത്ത 60 കഴിഞ്ഞ പ്രവാസികള്‍ക്ക് വിസ പുതുക്കാന്‍ അനുമതി നല്‍കാതിരുന്നത് കാരണം കുവൈത്തില്‍ ആയിരക്കണക്കിന് പ്രവാസികളാണ് രാജ്യം വിട്ടിരുന്നത്.

അതേസമയം, തൊഴിലുടമകളെ മാറ്റുന്നതിന് നിലവില്‍ കുവൈത്തിലുള്ള എല്ലാ വ്യവസ്ഥകളും ചട്ടങ്ങളും ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു.

വിവിധ വിദ്യാഭ്യാസയോഗ്യതയുള്ളവരില്‍നിന്നായി കുവൈത്ത് തൊഴില്‍ മേഖലയില്‍ 31,391 തൊഴിലന്വേഷകര്‍ ആണ് കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 27 പേര്‍ പി.എച്ച്.ഡി ഹോള്‍ഡര്‍മാരാണ്. മാസ്റ്റേഴ്‌സ് ബിരുദമുള്ള 629 വ്യക്തികള്‍, യൂണിവേഴ്‌സിറ്റി (ബാച്ചിലേഴ്‌സ്) ബിരുദമുള്ള 17,927 പേര്‍, 6,805 ഡിപ്ലോമ ഹോള്‍ഡര്‍മാര്‍, സെക്കന്‍ഡറി, ഇന്റര്‍മീഡിയറ്റ് വിദ്യാഭ്യാസത്തിന്റെ വ്യത്യസ്ത തലങ്ങളിലുള്ള ആയിരക്കണക്കിന് പേര്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്റര്‍മീഡിയറ്റ് യോഗ്യതയുള്ള 823 തൊഴിലന്വേഷകരും വൊക്കേഷണല്‍ അല്ലെങ്കില്‍ പാരലല്‍ വിദ്യാഭ്യാസമുള്ള 83 പേരും ഇന്റര്‍മീഡിയറ്റിന് താഴെയായി തരംതിരിച്ചിരിക്കുന്ന 408 പേരും ഇതില്‍ ഉള്‍പ്പെടും.

Expats Over 60 Can Now Transfer Visas from Dependent to Private Sector