30
May 2023
Mon
30 May 2023 Mon

ഇടുക്കി: ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തിയതിനെ തുടർന്ന് കാടു കടത്തിയ കാട്ടാനയാണ് അരിക്കൊമ്പൻ. ഇതോടെ ആനയ്ക്ക് ആരാധകരും കൂടി. നിരവധി പേരാണ് അരിക്കൊമ്പന്റെ സ്ഥലംമാറ്റത്തിൽ വേദന പങ്കുവച്ച് രം​ഗത്തെത്തിയിരുന്നത്. ഇപ്പോൾ അരിക്കൊമ്പന്റെ പേരിൽ ചായക്കട തുടങ്ങിയിരിക്കുകയാണ് ചിന്നക്കനാലിലെ ഫാൻസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വനംവകുപ്പ് വാച്ചറായ രഘുവും സുഹൃത്തുക്കളുമാണ് ചായക്കട തുടങ്ങിയത്. ഒമ്പത് വർഷത്തോളം അരിക്കൊമ്പനെയും മറ്റ് കാട്ടാനകളേയും നിരീക്ഷിച്ചയാളാണ് രഘു. അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് മാറ്റിയതോടെയാണ് ആനയുടെ ഓർമയ്ക്കായി രഘുവും സുഹൃത്തുക്കളും ചായക്കട തുടങ്ങിയത്. ‘അരിക്കൊമ്പൻ ഫ്രണ്ട്സ് ടീ സ്റ്റാൾ’ എന്നാണ് കടയുടെ പേര്.

പൂപ്പാറ ഗാന്ധിനഗറിൽ ദേശീയപാതയോരത്തെ കടയിലേക്ക് നിരവധി പേരാണ് ചായ കുടിക്കാനെത്തുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അരിക്കൊമ്പന്റെ ഫ്ളക്സുകളും സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങൾക്ക് അരിക്കൊമ്പന്റെ പേരിടുന്നവരും കുറവല്ല.

നാട് വിറപ്പിക്കുകയും വീടുകളും കടകളും തകർക്കുകയും ആളുകളെ കൊലപ്പെടുത്തുകയും ചെയ്തിട്ടും അരിക്കൊമ്പനോട് ആരാധനയുള്ള നിരവധി പേരാണ്ട് ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഉള്ളത്. വീടുകളും കടകളും ആക്രമിക്കാതെ അരിക്കൊമ്പൻ നാട്ടിൽ ഉണ്ടാകണമെന്നാണ് ഇവർ ആഗ്രഹിക്കുന്നത്.

ഇതിനിടെ, തമിഴ്നാട്ടിലെ ചുറ്റിക്കറങ്ങൽ കഴിഞ്ഞ് അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിൽ തിരികെയെത്തി. മുല്ലക്കുടിയിലാണ് ആന ഇപ്പോൾ ഉള്ളതെന്ന് വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി അതിര്‍ത്തിയില്‍ കേരളത്തിന്‍റേയും തമിഴ്നാടിന്‍റേയും വനമേഖലയില്‍ ചുറ്റിത്തിരിയുകയായിരുന്നു അരിക്കൊമ്പൻ. ദിവസേന ഏഴ് മുതല്‍ എട്ട് കിലോ മീറ്റര്‍ വരെ കൊമ്പന്‍ സഞ്ചരിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.