ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷകരുടെ ദില്ലി ചലോ മാർച്ചിന് നേരെയുണ്ടായ പൊലീസ് ആക്രമണത്തിൽ പരിക്കേറ്റ യുവ കർഷകൻ മരിച്ചു. കനൗരിയിൽ സമരം ചെയ്യുകയായിരുന്ന പഞ്ചാബിൽ നിന്നുള്ള ശുഭ് കരൺ സിങ് (23) ആണ് ആശുപത്രിയിൽ മരിച്ചത്. ഹരിയാനയിലെ ഖനൗരി അതിര്‍ത്തിയില്‍ വച്ചുണ്ടായ പോലീസ് ആക്രമണത്തിലാണ് ശുഭ് കരണിന് പരിക്കേറ്റത്.
|
ശുഭ്കരണിനു നേര്‍ക്ക് പോലീസ് വെടിവച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശുഭ്കരൺ പട്യാലയയിലെ ഗവ. രജീന്ദ്ര ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരിച്ചതെന്ന് അഖിലേന്ത്യ കിസാൻ സഭ നേതൃത്വം അറിയിച്ചു. ബത്തിണ്ട സ്വദേശിയാണ് ഇദ്ദേഹം.
ശുഭ്കരണിന്റെ മരണം ആശുപത്രി അധികൃതരും സ്ഥിരീകരിച്ചു. ഖനൗരിയില്‍ നിന്ന് മൂന്ന് പേരെ രജീന്ദ്ര ആശുപത്രിയിലെത്തിച്ചതായി ഡോ. രേഖി പറഞ്ഞു. അവരില്‍ ഒരാള്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരിച്ചിരുന്നു. മറ്റ് രണ്ട് പേരുടെ നില തൃപ്തികരമാണ്. മരിച്ച വ്യക്തിക്ക് തലയില്‍ വെടിയേറ്റിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂവെന്നും അവര്‍ വ്യക്തമാക്കി.
യുവാവിന്റെ മൃതദേഹം രജീന്ദ്ര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എന്നാൽ ആരും പ്രതിഷേധത്തില്‍ മരിച്ചിട്ടില്ലെന്നാണ് ഹരിയാന പൊലീസിന്റെ വാദം. അഭ്യൂഹങ്ങള്‍ മാത്രമാണ് പരക്കുന്നതെന്നും പൊലീസ് എക്സില്‍ കുറിച്ചു. പൊലീസ് നടപടിയിൽ നിരവധി കർഷകർക്ക് പരിക്കേറ്റിട്ടുണ്ട്.
ഹൃദയാഘാതം മൂലം സമരത്തിലുള്ള രണ്ട് കർഷകർ കഴിഞ്ഞ ദിവസങ്ങളിലായി മരിച്ചിരുന്നു. ബുധനാഴ്ച രാവിലെ 11ന് സമരം പുനരാരംഭിച്ചതിനു പിന്നാലെ പഞ്ചാബ്- ഹരിയാന അതിര്‍ത്തിയായ ശംഭുവിലും കനൗരിയിലും പൊലീസും കർഷകരും തമ്മിൽ സംഘർഷം രൂക്ഷമായിരുന്നു. സമരക്കാർ ഡൽഹിയിലേക്ക് പോവാൻ ശ്രമിച്ചതോടെ ഹരിയാന പൊലീസ് കണ്ണീര്‍വാതക ഷെല്ലും റബര്‍ ബുള്ളറ്റുകളും പ്രയോഗിക്കുകയും വെടിയുതിർക്കുകയുമായിരുന്നു.
അതേസമയം, ചർച്ചകൾ പരാജയപ്പെട്ടതോടെ ബുധനാഴ്ച പുനരാരംഭിച്ച സമരം യുവ കർഷകന്റെ മരണത്തെ തുടർന്ന് വൈകീട്ടോടെ രണ്ടു ദിവസത്തേക്ക് വീണ്ടും നിർത്തിവച്ചു. വിഷയം ചര്‍ച്ച ചെയ്യും. മുന്നോട്ടുള്ള നീക്കത്തെക്കുറിച്ച വ്യക്തത വരുത്തുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്നതടക്കമുള്ള ആവശ്യങ്ങളില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടാവാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.





